---
title: "#newparking | വാഹനങ്ങൾക്ക് സ്വാഗതം; വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം 19ന് തുറക്കും"
english_title: "#parking #lot #Vadakara #railway #station #will #opened #on #19th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235575/parking-lot-vadakara-railway-station-will-opened-on-19th-new"
published_at: "2024-09-14T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e56199a2d15_vadakara_railway_station.jpg"
keywords: []
---

# #newparking | വാഹനങ്ങൾക്ക് സ്വാഗതം; വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം 19ന് തുറക്കും

> **Lead Summary:** **വടകര: **അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയിൽവേ സ്‌റ്റേഷനിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പാർക്കിങ് ഏരിയ സെപ്‌തംബർ 19ന് തുറന്നു കൊടുക്കും.

## Article Content

**വടകര: **അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയിൽവേ സ്‌റ്റേഷനിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പാർക്കിങ് ഏരിയ സെപ്‌തംബർ 19ന് തുറന്നു കൊടുക്കും.

ഇതോടെ സ്റ്റേഷനിലെ പാർക്കിങ് അസൗകര്യത്തിന് പരിഹാരമാകും. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് പാർക്കിങ് ഏരിയയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്.

ഒന്നേകാൽ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാർക്കിങ് സ്ഥലം കട്ട പാകിയിരിക്കുന്നത്. ആർഎംസ് ഓഫീസിന് സമീപത്തുള്ള പാർക്കിങ് ഏരിയ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും.

മാത്രമല്ല പാർക്കിങ് ഫീസ് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഒരു വർഷത്തേക്ക് ഒരു കോടി 12 ലക്ഷം രൂപയ്ക്കാണ് പാർക്കിങ് ടെൻഡർ എടുത്തിരിക്കുന്നത്.

മാത്രമല്ല പുതിയ പാർക്കിങ് ഏരിയയ്ക്ക് അടുത്തായി ഓഫീസ് ആവശ്യങ്ങൾക്കായി പുതിയൊരു കെട്ടിടം കൂടി വരും.

സ്റ്റേഷനിൽ നിലവിലുള്ള ചില ഓഫീസുകളുടെ പ്രവർത്തനം പുതിയ ഓഫീസിലേക്ക് മാറ്റി, സ്‌റ്റേഷൻ കെട്ടിടം പൂർണമായും യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.

അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ വികസന പ്രവൃത്തികൾ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. കേരളീയ ശൈലിയിലുള്ള കെട്ടിടമായിരിക്കും വടകര റെയിൽവേ സ്റ്റേഷന് ഇനി.

ഇതിനായി സ്‌റ്റേഷൻ വളപ്പിലെ വലിയ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. പുതിയ ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി അടിമുടി മാറ്റങ്ങളാണ് റെയിൽവേ ‌സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്നത്.

നിലവിൽ 50% പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.

മുഴുവൻ പ്രവൃത്തിയും കഴിയുന്നതോടെ വടകര റെയിൽവേ സ്റ്റേഷൻ വികസന പാതയിലാവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235575/parking-lot-vadakara-railway-station-will-opened-on-19th-new)