വടകര : (vatakara.truevisionnews.com)ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്പ തട്ടിപ്പിൽ ഇടനിലക്കാരനായി നിന്ന തിരുപ്പുർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറേഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതോടെ കാർത്തിക് കേസിലെ രണ്ടാം പ്രതിയാകും. ഇയാൾക്കു വേണ്ടി 3 ആഴ്ചയിലധികമായി കേരള – തമിഴ്നാട് പൊലീസ് ടീം തിരച്ചിൽ നടത്തുന്നുണ്ട്.
കാർത്തിക് പറഞ്ഞതനുസരിച്ച് തിരുപ്പൂരിലെ ബാങ്കുകളിൽ പണയം വച്ചവർ ഇയാൾക്കെതിരെ അവിടുത്തെ പൊലീസിൽ പരാതി നൽകി. ഈ കേസുകളിലും കാർത്തിക് പ്രതിയാകും.
ഇതിൽ നിന്നു രക്ഷപ്പെടാൻ കാർത്തിക് തിരുപ്പുർ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിൽ നൽകിയ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുയാണ് പ്രതി.
കാർത്തിക്കിനെ കിട്ടിയാൽ മാത്രമേ അന്വേഷണം തുടരാൻ പൊലീസിന് കഴിയൂ. ബാക്കി സ്വർണം പണയം വച്ചതിനെപ്പറ്റിയുള്ള വിവരം ഇയാൾക്ക് മാത്രമേ അറിയൂ എന്നാണ് ഒന്നാം പ്രതി മധ ജയകുമാർ പറയുന്നത്.
പൊലീസ് ഇത് പൂർണമായും വിശ്വസിക്കുന്നില്ല. കുറെ സ്വർണം വിൽപന നടത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ കേസ് അന്വേഷണ തലവൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലചന്ദ്രനെ നിലമ്പൂർ ഡിവൈഎസ്പിയായി സ്ഥലം മാറ്റി.
പകരം താനൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നിക്കായിരിക്കും അന്വേഷണ ചുമതല. മലപ്പുറം ജില്ലയിലെ പൊലീസ് കൂട്ട സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടി.
#Bank #of #Maharashtra #goldloan #fraud #Vadakara #Lookout #notice #intermediary #Karthik