ചെമ്മരത്തൂർ: (vatakara.truevisionnews.com)ചെമ്മരത്തൂർ -തോടന്നൂർ റോഡിൽ രാത്രികാലങ്ങളിൽ അജ്ഞാതർ മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്.
ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ് മുട്ടത്തോടും ഭക്ഷണാവശിഷ്ട്‌ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത്. റോഡിലൂടെ പോവുന്നവരും പരിസരവാസികളും ബുദ്ധമുട്ടിലാണ്.
3 കിലോമീറ്റർ ദൂരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് മാലിന്യം റോഡിൽ വലിച്ചെറിയുന്നത്. ഒരു മാസം മുമ്പ് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ചാക്കുകളിലും കവറുകളിലുമായി റോഡിന് നടുവിലും സമീപത്തുമായി മാലിന്യം കണ്ടത്.
അന്നത് അത്ര കാര്യമാക്കി ആരും എടുത്തില്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സംഭവം പതിവായതോടെയാണ് ചെമ്മരത്തൂർ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ കാര്യം അന്വേഷിക്കാൻ തുടങ്ങിയത്.
മുട്ടത്തോടും ഭക്ഷണാവശിഷ്ട്‌ടങ്ങളുമാണ് പതിവായി ചാക്കിലും കവറുകളിലുമാക്കി വലിച്ചെറിയുന്നത്. കല്യാണവീടുകളിലെയോ അതല്ലങ്കിൽ തട്ടുകടകളിലെയോ ഭക്ഷണാവശിഷ്ട്ടങ്ങളാകാം റോഡിൽ വലിച്ചെറിയുന്നത് എന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നത്.
രാത്രികാലങ്ങളിൽ മാലിന്യം ഇത്തരത്തിൽ പതിവായി വലിച്ചെറിയുന്നവരെ ഉടൻ കണ്ടെത്തണമെന്നും നാട്ടുകാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ചെമ്മരത്തൂർ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ആവശ്യപ്പെട്ടു
#Complaint #about #dumping #garbage #Chemmarathur #Thodannur #road