വടകര : (vatakara.truevisionnews.com ) ഇരിങ്ങലിൽ ദേശീയപാതയിൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരവ്. രണ്ടര വർഷക്കാലം നീണ്ടുനിന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സമര വിജയം കൂടിയായിരുന്നു ഇത്.
അടിപാത സാധ്യമാക്കിയ രാജ്യസഭാ എം.പിയും ഇൻഡ്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനുമായ ഡോ.പി.ടി.ഉഷക്ക് ഇരിങ്ങലിൽ ഉജ്വല സ്വീകരണവും ആദരവുമാണ് നാട് നല്കിയത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ ദൃഢനിശ്ചയത്തോടെ സമരം ചെയ്യുകയും നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്‌ത ജനങ്ങളുടെ ആഗ്രഹം സഫലീരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടന്ന് പി.ടി.ഉഷ പറഞ്ഞു.
ഇരിങ്ങലിൽ ഏറ്റവും കൂടുതൽ സർക്കാർ സ്ഥാപങ്ങൾ ഉള്ളതു കൊണ്ടു തന്നെ അടിപ്പാത അനിവാര്യമാണെന്ന് മനസ്സിലായി. കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌ഗരിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു. ഒരു കായികതാരം എന്ന നിലക്ക് അദ്ദേഹത്തിൻ്റെ ഒരു സ്നേഹ സമ്മാനമായാണ് ഇരിങ്ങൽ അടിപ്പാത അനുവദിച്ചത്.
6.90 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ അടിപ്പാത അനുവദിച്ചതിന് സമര സമിതിയുടെ പ്രവർത്തനത്തെയും ഉഷ പ്രകീർത്തിച്ചു. മഴയുണ്ടായിട്ടും നിരവധിപേരാണ് സ്വീകരണ പരിപാടിക്ക് എത്തിയത്. മുത്തുക്കുടയുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെയാണ് പി.ടി.ഉഷയെ സ്വീകരിച്ചത്.
പടന്നയിൽ പ്രഭാകരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉഷയെ ആദരിച്ചു. പവിത്രൻ ഒതയോത്ത് ഉപഹാരം നല്കി. എ.കെ.ബൈജു, എരഞ്ഞാറ്റിൽ ദിനേശൻ, കെ.ജയകൃഷ്ണൻ, കെ.എം.ശ്രീധരൻ, സബീഷ് കുന്നങ്ങോത്ത്, എ.കെ. ദേവദാസ്, പയ്യോളി നഗരസഭ കൗൺ സിലർമാരായ ചെറിയാവി സുരേഷ് ബാബു, ടി.അരവിന്ദാക്ഷൻ, വിലാസിനി നാരങ്ങോളി, രേവതി തുളസിദാസ് എന്നിവർ സംസാരിച്ചു.
#victory #unity #Nation #respect #PTUshaMP #who #made #Iringal #Underpass #reality