മണിയൂർ: (vatakara.truevisionnews.com) കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പണി ഉടൻ തുടങ്ങുമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ.
നിർമാണവുമായി ബന്ധപ്പെട്ട് നിലവിൽ നിയമതടസ്സങ്ങളിലെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപെടുന്ന കെട്ടിടങ്ങളുടെയും മരങ്ങളുടെയും മതിലുകളുടെയും വിലനിർണയം ഉൾപ്പെടെ നടന്നുവരികയാണെന്നും എംഎൽഎ അറിയിച്ചു.
ഗതാഗത പഠനത്തിൻ്റെ അടിസ്ഥാനത്തിൽ 10മീറ്റർ വീതിയിൽ റോഡ് വികസനമാണ് കിഫ്ബി ലക്ഷ്യമിടുന്നത്.10 മീറ്റർ റോഡ് മാത്രമാണ് ആവശ്യമുള്ളതെന്നത് കിഫ്ബിയുടെ തീരുമാനമാണ്.
അതിനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നതെന്നും എംഎൽഎ പറഞ്ഞു. നാലു മാസത്തിനകം ടെൻഡർ നടപടികളിലേക്ക് കടക്കും.
റോഡ് വികസനഘട്ടങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കും. വികസനത്തിൽ അന്യായമായ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പരാതിക്കാർക്ക് പറയാനുള്ളത് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഘട്ടത്തിൽ കേൾക്കാമെന്ന് പറഞ്ഞ് കോടതി കേസ് അവസാനിപ്പിച്ചതാണ്.
ജനങ്ങളുടെ സഹകരണത്തോടെ റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
#legal #barriers #Kutoth #AttakkundKadav #road #work #start #soon #KPKunhammedKutty