വടകര: (vatakara.truevisionnews.com) കേന്ദ്ര പദ്ധതിയായ നഗരസഞ്ചയം പദ്ധതിയുടെ ഭാഗമായി നവീകരിച്ച ജൂബിലി കുളത്തിന്റെ ഉദ്ഘാടനത്തിൽ എംഎൽഎയെ അവഹേളിക്കും വിധമാണ് ശിലാഫലകം നിർമിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ആർഎംപിഐയും യുഡിഎഫും കുറ്റപ്പെടുത്തി.


തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എംഎൽഎയാണ് അധ്യക്ഷ. ചടങ്ങിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പ്രോട്ടോകോൾ അനുസരിച്ച് മന്ത്രിക്ക് ശേഷമുള്ള പദവിയിൽ ഇരിക്കുന്ന എംഎൽഎയെ ചെയർപേഴ്‌സണ് താഴെയായി ശിലാഫലകത്തിൽ പേര് ചേർത്തത് ബോധപൂർവം അവഹേളിക്കാനും കീഴ് വഴക്കങ്ങളുടെ ലംഘനവും ആണെന്ന് ആർഎംപിഐ-യുഡിഎഫ് നേതാക്കൾ വിമർശിച്ചു.
മാത്രമല്ല യുഡിഎഫിന്റെ വാർഡ് കൗൺസിലർ പ്രേമകുമാരിയുടെ പേരു പോലും നഗരസഭ ഉൾപ്പെടുത്തിയില്ല.കഴിഞ്ഞ നാലുവർഷമായി വടകര നഗരസഭയിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ എല്ലാം പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് എംഎൽഎയെ ഒഴിവാക്കുന്നത് പതിവായിരുന്നു.
ഇതിനെതിരായി ഉയർന്ന വലിയ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ഈ പരിപാടിയിൽ എംഎൽഎയെ ഉൾപ്പെടുത്തിയത്. അത്തരം പ്രതിഷേധങ്ങളോടുള്ള പകപോക്കൽ നടപടിയാണ് കീഴ്വഴക്കങ്ങൾ ലംഘിച്ചു കൊണ്ടുള്ള ഇത്തരം തരംതാണ രാഷ്ട്രീയ കളി എന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളെ ജനങ്ങൾ നോക്കി കാണുന്നുണ്ടെന്നും ഇതിനെല്ലാം മറുപടി പറയേണ്ടി വരുന്ന കാലം വിദൂരമല്ലെന്നും ഇത്തരം കാര്യങ്ങൾ ചെയ്തുകൂട്ടുന്ന കുബുദ്ധികൾ മനസ്സിലാക്കുന്നത് നല്ലതാണെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
#MLA #demoted #stonewalled #Vadakara #UDF #RMPI #criticize #Municipal #Corporation