വടകര: ദേശീയപാത നവീകരണം പരവന്തല റോഡ് ജംഗ്‌ഷനിൽ അപകടം പതിയിരികരിക്കുന്ന അവസ്ഥ. ബൈപ്പാസിൽ നിന്നു പരവന്തല റോഡിലേക്ക് കയറുന്ന ഭാഗം ദേശീയപാത നവീകരണത്തിനു വേണ്ടി കുഴിച്ച് പാതിവഴിയിൽ നിർത്തിയത് അപകട ഭീഷണിയായി മാറിയിരിക്കുകയാണ്.


കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഇത് ഭീഷണി ആവുന്നുണ്ട്. പരവന്തല, പഴങ്കാവ്, ചോറോട് ഭാഗങ്ങളിലേക്കടക്കം അനേകം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അധികാരികളുടെ ഭാഗത്തുനിന്നും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരവന്തല, അടക്കാതെരു വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. സമരം വടകര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ പ്രേമൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് ജിതേഷ് എം.എം അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ സത്യഭാമ, ടി.പി ശ്രീലേഷ്, എം വേണുഗോപാൽ, പി സദാനന്ദൻ, പി.പി സുരേഷ് ബാബു, ജബ്ബാർ, പി പ്രദീപൻ, കെ അശോകൻ, ബാലകൃഷ്ണൻ എം.എം എന്നിവർ സംസാരിച്ചു.
#Congress #holds #dharna #Paravanthala #road #junction #seeks #action