വടകര: (vatakara.truevisionnews.com) വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ നിശ്ചലമായിട്ട് നാലുമാസം കഴിഞ്ഞിട്ടും പുതിയ ജഡ്ജിയെ നിയമിക്കാൻ നടപടിയായില്ല. നിലവിലുള്ള ജഡ്ജി അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്.


നേരത്തെ വടകരയിലുണ്ടായിരുന്ന ജഡ്ജിയെ കോഴിക്കോടേക്കും അവിടെയുള്ള അഡീഷണൽ ജില്ലാകോടതി ജഡ്ജിയെ വടകരക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ ജഡ്ജി വടകരയിലെത്തിയ ഉടനെ സസ്പെൻഷനിലായതോടെയാണ് കോടതിയുടെ പ്രവർത്തനം താറുമാറായത്.
നാലായിരത്തോളം കേസുകളാണ് വടകര എംഎസിടിയിൽ വിചാരണ കാത്തു കഴിയുന്നത്. ഇതിൽ പലതും സാരമായി പരിക്കുപറ്റിയവരുടേതടക്കമുള്ള കേസുകളാണ്. മരണപ്പെട്ട അപകടകേസുകളുമുണ്ട്.
ചികിത്സക്കായി പണം കടം വാങ്ങിയവരും പണം കിട്ടിയിട്ട് ചികിത്സ നടത്താമെന്നു കരുതിയവരും കോടതി കയറി ഇറങ്ങുകയാണ്. ഇനി എന്നു പുതിയ ജഡ്ജി വരുമെന്ന ചോദ്യത്തിനു മുമ്പിൽ അധികൃതർക്ക് മറുപടിയുമില്ല.
#judge #Vadakara #MACT #idle #four #months