വാഹന സാന്ദ്രത കൂടിയ ചെന്നുകയറുന്ന പ്രധാന റോഡിനുപോലും 10 മീറ്റർ വീതിയാണെന്നിരിക്കെ വാഹനങ്ങൾ താരതമ്യേന വളരെ കുറഞ്ഞ കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡ് 12 മീറ്ററിൽ നിർമ്മിക്കുന്നതിലെ യുക്തിരാഹിത്യം പദ്ധതിയുടെ ഫണ്ടിങ് ഏജൻസിയായ കിഫ്‌ബി നേരത്തെ തന്നെ ചൂണ്ടികാട്ടിയിട്ടുള്ളതാണെന്ന് ഇരകളുടെ കർമ്മസമിതി.


കുട്ടോത്ത് -അട്ടക്കുണ്ട്കടവ് റോഡ് വികസന പദ്ധതിയുടെ തുടക്കത്തിൽ ചിലർ ഇടപെട്ട്, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ വഴി ‘ കിഫ്‌ബി 12 മീറ്ററിൽ കുറഞ്ഞ റോഡ് നിർമ്മാണം ഏറ്റെടുക്കുകയില്ലെന്ന്’ സർവകക്ഷി യോഗത്തെ തെറ്റിദ്ധരിപ്പിച്ചു . പദ്ധതി കിഫ്‌ബി ഏറ്റെടുക്കുന്നതിനുവേണ്ടി എന്ന ന്യായം പറഞ്ഞുകൊണ്ടാണ് 12 മീറ്റർ റോഡ് എന്ന യുക്തിരഹിതമായ തീരുമാനത്തിലേക്ക് സർവ്വകക്ഷികൾ എത്തിയത് .
ബോധപൂർവം നിക്ഷിപ്ത താൽപ്പര്യത്തോടെ ഇടപെട്ട് എടുപ്പിച്ച യുക്തിരഹിതവും യാഥാർഥ്യബോധമില്ലാത്തതുമായ ഈ തീരുമാനവും ,അതനുസരിച്ച് പി ഡബ്ല്യൂഡി- റവന്യൂ വകുപ്പുകൾ നടത്തിയ പ്രാരംഭ നടപടിക്രമങ്ങളുമാണ് പദ്ധതിയെ തടസ്സപ്പെടുത്തികൊണ്ടിരിക്കുന്നത് .
ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ ഇടപെടലുകളാണ് മണിയൂർ നിവാസികളുടെ റോഡ് വികസനം എന്ന സ്വപ്നം ഇല്ലാതാക്കപ്പെടുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത് .ഈ യാഥാർഥ്യം മണിയൂരിലെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും തിരിച്ചറിയണമെന്നും കർമ്മസമിതി പറഞ്ഞു.
10 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് മാത്രമേ കിഫ്‌ബി അനുവദിച്ചിട്ടുള്ളൂ.ആയത് പ്രകാരം അതിർത്തികല്ലുകൾ സ്ഥാപിക്കുകയും സർവ്വേ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഏറ്റെടുക്കുന്ന സ്ഥലത്തിനുള്ള പ്രതിഫലം വിതരണം ചെയ്യലും റോഡ് നിർമ്മാണം ആരംഭിക്കുകയുമാണ് ഇനി വേണ്ടത് .
എന്നാൽ നേരത്തെയുള്ള അശാസ്ത്രീയവും അപാകതയുമുള്ള അതിർത്തികല്ലുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ചിലർ കോടതിയെ സമീപിച്ചിരിക്കുന്നു .ആറ് വർഷത്തോളം വ്യവഹാരത്തിൽ കുടുങ്ങിയിരുന്ന പദ്ധതിയെ നിയമക്കുരുക്കിൽപെടുത്തി തടസ്സപ്പെടുത്തി ഇല്ലാതാക്കാനോ വീണ്ടും വൈകിപ്പിക്കാനോ ആണ് ശ്രമം നടക്കുന്നത്.
കിഫ്‌ബി അംഗീകരിക്കാത്ത യുക്തി രഹിതമായ പദ്ധതിയുമായി മുന്നോട്ടുപോയി ഫണ്ടിങിൽ നിന്നും കിഫ്‌ബി പിന്മാറി പദ്ധതിയില്ലാതായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം നിക്ഷിപ്ത താല്പര്യക്കാർക്കും അവർക്ക് പദ്ധതി തടസ്സപ്പെടുത്തുന്നതിനായി കോടതി വ്യവഹാരങ്ങൾക്കും മറ്റുമായി ലക്ഷകണക്കിന് രൂപ എത്തിച്ചു നൽകുന്നവർക്കും മാത്രമായിരിക്കും . ഈ സാമ്പത്തിക സ്രോതസ്സ് ഇരകളുടെ കർമ്മ സമിതി തിരിച്ചറിഞ്ഞിട്ടുണ്ട് .ഉചിതമായ മറുപടി ഉചിതമായ സമയത്ത് അവർക്ക് നൽകുക തന്നെ ചെയ്യും .
കോൺഗ്രസ് പാർട്ടിയുടെ ബ്ലോക്ക് കമ്മിറ്റി നേതാവ് ശ്രീ ദിനേശൻ കെ പി ഇപ്പോൾ പദ്ധതി നിർത്തിവെക്കുന്നതിനായി ആവശ്യപ്പെട്ട് നൽകിയ കേസ് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണോയെന്നും കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസന കാര്യത്തിൽ ഇതേ നിലപാടാണോ യുഡിഎഫിന്റെതെന്നും ഉത്തരവാദപ്പെട്ടവർ പരസ്യപ്പെടുത്തണമെന്നും ഇരകളുടെ കർമ്മ സമിതി അഭ്യർത്ഥിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ യാഥാർഥ്യബോധത്തോടെയാണ് ഇരകൾ ഇതുവരെ പ്രതികരിച്ചിട്ടുള്ളത് . ആവശ്യകതക്കനുസരിച്ചുള്ള ഭൂമി വിട്ടുനൽകാൻ ഇരകൾ തയ്യാറായിട്ടുണ്ടെന്ന് ഇരകളുടെ കർമ്മസമിതി വ്യക്തമാക്കി
Kutoth Attakundukadavu Road Development Project