---
title: " കാത്തിരിപ്പിന്  വിരാമം; വടകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി"
english_title: "inauguration Vadakara Municipality Office Shopping Complex"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295443/inauguration-vadakara-municipality-office-shopping-complex"
published_at: "2025-06-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847ff1aadf74_VATAKARA.jpg"
keywords: []
---

#  കാത്തിരിപ്പിന്  വിരാമം; വടകര നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി

> **Lead Summary:** **വടകര: **പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി. ഈ മാസം 30ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ കെ.പി.ബിന്ദു അറിയിച്ചു.

## Article Content

**വടകര: **പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന സജ്ജമായി. ഈ മാസം 30ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ കെ.പി.ബിന്ദു അറിയിച്ചു.

ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു മുന്നിൽ നിന്ന് എം.കെ.കേളുഏട്ടൻ-പി.പി.ശങ്കരൻ സ്മാരക മന്ദിരത്തിലേക്കു പോകുന്ന റോഡിനു വടക്കാണ് നഗരസഭ ഓഫീസും ഷോപ്പിങ് കോംപ്ലക്സും അടങ്ങിയ നാലു നില കെട്ടിടം പണിതിരിക്കുന്നത്. 15 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിലെ 53 മുറികൾ കച്ചവട ആവശ്യത്തിന് വാടകയ്ക്കു നൽകാനാണ് തീരുമാനം.

ഇതിൽ 16 മുറികൾ ലേലത്തിൽ പോയി. മുനിസിപ്പൽ ഓഫീസിനു പുറമെ കൗൺസിൽ ഹാൾ, ലിഫ്റ്റുകൾ, അഗ്‌നി നിയന്ത്രണ സംവിധാനം, പാർക്കിങ് സൗകര്യം, വിവിധ വകുപ്പുകൾക്ക് പ്രത്യേകം മുറികൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ട്. ഹരിത, നെറ്റ് കാർബൺ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക.

2009ൽ നാലര കോടി രൂപ ചെലവിൽ ആരംഭിച്ച നിർമാണമാണ് പല കാരണങ്ങളാൽ വൈകി പതിനഞ്ച് വർഷത്തിനു ശേഷം കെട്ടിടം യാഥാർഥ്യമാകുന്നത്. ഇതിന്റെ ചെലവാകട്ടെ പതിനഞ്ച് കോടിയിലെത്തുകയും ചെയ്തു. ആദ്യം കരാറെടുത്തയാളെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് വീണ്ടും നിർമാണത്തിനു ജീവൻ വെപ്പിച്ചത്.

വിശാലമായ സൗകര്യങ്ങളുള്ള നഗരസഭാ ഓഫീസ് കെട്ടിടം വടകരയുടെ തിലകക്കുറിയാവുകയാണ്. 30ന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ഇന്ന് (ചൊവ്വ) വൈകുന്നേരം 4ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295443/inauguration-vadakara-municipality-office-shopping-complex)