വടകര: മൂരാട് വാഹനാപകടത്തിൽ മരിച്ച നാലുപേർക്കും കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകി നാട്. നാല് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. നാലുപേരുടെ ജീവൻ കവർന്ന അപകടത്തിൻ്റെ നടുക്കത്തിലാണ് വടകര ഇപ്പോഴും. മരിച്ച രണ്ടുപേർ അഴിയൂർ സ്വദേശികളാണ്. വിവാഹം കഴിഞ്ഞുള്ള സൽക്കാരത്തിന്റെ സന്തോഷ യാത്ര പിന്നാലെ കണ്ണീരിൽ മുങ്ങുകയായിരുന്നു.


വിട പറഞ്ഞ അഴിയൂരിലെ കോട്ടാമലക്കുന്ന് പാറേമ്മൽ രജനിയുടെയും മാഹി റെയിൽവേ സ്റ്റേഷന് സമീപം ഷിഖിൻ ലാലിൻ്റെയും മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. രജനിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയും ഷിബിൻ ലാലിന്റേത് രാത്രിയുമാണ് സംസ്കാരം നടത്തിയത്.
വടകര ഗവ. ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റ് മോർട്ടം. പയ്യോളി സിഐ സജീഷിന്റെ നേതൃത്വ ത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഞായർ പകൽ 3.15 ഓടെയാണ് മാഹിയിൽനിന്ന് കോഴിക്കോട് കോവൂരിലേക്ക് വിവാഹം കഴിഞ്ഞുള്ള സൽക്കാരത്തിനായി പോവുകയായിരുന്ന ആറംഗസംഘം അപകടത്തിൽപ്പെട്ടത്. കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), പുന്നോൽ കണ്ണാട്ടിൽ മീ ആൽ റോജ (56) എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ചോറോട് കൊളക്കോട്ട് സത്യൻ, ചന്ദ്രി എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ കെ രമ എംഎ ൽഎ, ടി പി ബിനീഷ്, പി ശ്രീധരൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു
vadakara Moorad road accident