ആയഞ്ചേരി: (vatakara.truevisionnews.com) 'ഒരുമിക്കാം കരുത്തേകാം' എന്ന സന്ദേശത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വടകര വിദ്യാഭ്യാസ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പ്രസിഡൻ്റ് വി.കെ.സുബൈറിന് നൽകി ഉദ്ഘാടനം ചെയ്തു.


പൊതുവിദ്യാഭ്യാസ രംഗത്ത് നൂതനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എ.ടി.എഫ്. അധ്യാപക സമൂഹത്തിന് മാതൃകയാണ്. ഭിന്നശേഷി നിയമം നിലവിൽ വന്നതിന് ശേഷം പുതുതായി നിയമനം ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ആനുകൂല്യങ്ങളായ പ്രൊബേഷൻ, ഇൻക്രിമെൻ്റ്, പ്രമോഷൻ എന്നിവ തടയപ്പെടുന്നുണ്ട്. കെ ടെറ്റ് പാസാകാത്ത അധ്യാപകർക്ക് മേൽ പറഞ്ഞ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല.
പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഭാഷാ അധ്യാപക തസ്തിക നിലനിർത്താൻ ആവശ്യമായ കുട്ടികളുടെ എണ്ണം കുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയത്തിന് വിദ്യാർത്ഥികളുടെ ആനുപാതം കുറച്ചിരുന്നു.
പക്ഷെ ആ ആനുകൂല്യം ഭാഷാധ്യാപകർക്ക് ലഭിച്ചിട്ടില്ല. അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൽ ജൈസൽ, ഭാരവാഹികളായ സി.കെ. സാജിദ്, കുഞ്ഞമ്മദ് കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.
KATF membership campaign begins Vadakara