മണിയൂർ: മണിയൂരിലെ ആതുരാലയങ്ങളി ലെത്തുന്നവർക്ക് വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി. കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി സംവിധാനം ആരംഭിച്ചു. രോഗികൾക്കും സഹായികൾക്കും സ്റ്റാഫിനും പൊതുജനങ്ങൾക്കും വായനാനുഭവം പകരും.
ആശുപത്രികളിലെത്തുന്നവർക്ക് നല്ല വായനാനുഭവം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പത്രങ്ങൾ, ആനുകാലികങ്ങൾ, പുസ്തകങ്ങൾ എന്നിവയുമായി തുഞ്ചൻ ലൈബ്രറിയുടെ വക ലൈബ്രറി ഒരുക്കിയിരിക്കുന്നത്. തുഞ്ചൻ ലൈബ്രറിയുടെ സ്ഥാപക അംഗമായ ചെറുവറ്റ കുഞ്ഞിക്കൃഷ്ണക്കുറുപ്പിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ മകൻ സി.കെ മനോജ് കുമാറാണ് ലൈബ്രറിക്കാവശ്യമായ ഷെൽഫ് ലഭ്യമാക്കിയത്.


പത്രങ്ങളും ആനുകാലികങ്ങളും സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കുവാൻ കഴിഞ്ഞു. ഒരു പബ്ലിക് ലൈബ്രറി ആദ്യമായാണ് വിവിധ ആതുരാലയങ്ങളിൽ വായനശാല ഒരുക്കി മാതൃകയാവുന്നത്. കുന്നത്തുകര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. ശശിധരൻ, ഷൈജു പി.പി, പ്രഭ പുനത്തിൽ, പ്രമോദ് കോണിച്ചേരി, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി തയ്യിൽ രാജൻ, ഡോ. ജീജ, ടി.സി സത്യനാഥൻ, സി.കെ മനോജ് തിരുവള്ളൂർ, സൈദ് കുറുന്തോടി, ടി.പി രാജീവൻ, കെ.എം.കെ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എം.പി അബ്ദുൾ റഷീദ് സ്വാഗതവും രാജീവൻ കണ്ണമ്പത്ത് നന്ദിയും പറഞ്ഞു.
മണിയൂർ ഹേമിയോ ഡിസ്പെൻസറിയിൽ ഒരുക്കിയ ലൈബ്രറി ടി.സി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ബാലൻ നീലാംബരി അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ, എൻ.കെ രവീന്ദ്രൻ, ശശീന്ദ്രൻ എം.പി, ഗീത ടി.പി, ഹസിത എന്നിവർ പ്രസംഗിച്ചു. മന്തരത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിച്ച ലൈബ്രറി മെഡിക്കൽ ഓഫീസർ ഡോ. അമൃത ഉദ്ഘാടനം ചെയ്തു. ഗീത പി.ടി അധ്യക്ഷത വഹിച്ചു. ടി.സി സത്യനാഥൻ, എം.പി ശശീന്ദ്രൻ, എൻ.കെ രവീന്ദ്രൻ, കെ.ഹസിത, സൈദ് കുറുന്തോടി, പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ടി.പി രാജീവൻ സ്വാഗതവും രാജീവൻ കണ്ണുമ്പത്ത് നന്ദിയും പറഞ്ഞു.
Thunchan Memorial Library to provide reading experience in hospitals in Maniyoor