ആയഞ്ചേരി:(vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ റോഡ് നിർമാണത്തിനുള്ള ഫണ്ട് വിതരണത്തിൽ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു. 2025-26 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് വാർഷിക കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് ഫണ്ട് വകയിരുത്തിയതിൽ യു.ഡി.എഫ്. വാർഡുകളോട് പക്ഷപാതം കാണിച്ചുവെന്നാണ് എൽ.ഡി.എഫ്. അംഗങ്ങളുടെ ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് പുതുക്കി അവതരിപ്പിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള കർമ്മപദ്ധതി പ്രകാരം, കോൺക്രീറ്റ് റോഡ് നിർമ്മാണത്തിനായി യു.ഡി.എഫ്. മെമ്പർമാരുടെ വാർഡുകളിൽ 16 ലക്ഷം രൂപ വീതവും, എൽ.ഡി.എഫ്. മെമ്പർമാരുടെ വാർഡുകളിൽ മൂന്നേകാൽ ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയത്. ഈ നടപടി പഞ്ചായത്തിലെ ജനങ്ങളെ രണ്ട് തരം പൗരന്മാരാക്കി വേർതിരിച്ച് ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്നതാണെന്ന് എൽ.ഡി.എഫ്. ആരോപിച്ചു. ഫണ്ട് ചെലവഴിക്കുന്നതിൽ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്തായി ആയഞ്ചേരിക്ക് കുപ്രസിദ്ധിയുണ്ടെന്നും, ഫണ്ട് വിതരണത്തിൽ എൽ.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളോട് കാണിക്കുന്ന വിവേചനം ജനങ്ങൾ വിലയിരുത്തുമെന്നും എൽ.ഡി.എഫ്. അംഗങ്ങൾ വിയോജനക്കുറിപ്പിൽ രേഖപ്പെടുത്തി.ജനാധിപത്യവിരുദ്ധമായ ഈ നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുധ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീലത എൻ.പി., സജിത്ത് ടി., പ്രബിത അണിയോത്ത്, പി. രവീന്ദ്രൻ, ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു.
The allocation of funds for the road in Ayancheri is discriminatory; the LDF is boycotting the governance committee meeting.