ആയഞ്ചേരി:(vatakara.truevisionnews.com) കടമേരി എം.യു.പി സ്കൂളിലെ പാചകത്തൊഴിലാളികളുടെ ദുരിതം കണ്ടറിഞ്ഞ്, ഒന്നര ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക് ഉപകരണങ്ങൾ സംഭാവന നൽകി മാതൃകയായി സ്കൂളിലെ വിരമിച്ച രണ്ട് അധ്യാപകർ. കടമേരി എം.യു.പി സ്കൂളിലെ അടുക്കളയിലേക്കാണ് പൂർവ്വാധ്യാപകരായ പി. അഹമ്മദ്, എ.ടി. അബ്ദുൽ മജീദ് കാക്കുനി എന്നിവർ ചേർന്ന് റൈസ് വാഷിംഗ് മെഷീനും വെജിറ്റബിൾ കട്ടിംഗ് മെഷീനും വാങ്ങി നൽകിയത്.
ദിവസവും 1200 വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന സ്കൂളിലെ അടുക്കളയിലെ അധ്വാനം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഭാവന നൽകിയത് .രണ്ടുപേരെ മാത്രമാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. പി.ടി.എയുടെയും മറ്റും സഹകരണത്തോടെ ഒരു തൊഴിലാളിയെ കൂടി സ്കൂൾ അധികം നിയമിച്ചാണ് ഒരു പരിധിവരെ പരിഹരിച്ചു പോരുന്നത്.ഉച്ചഭക്ഷണത്തിന് പുറമെ, ഗ്രാമപഞ്ചായത്തിന്റെ പ്രഭാതഭക്ഷണ പദ്ധതിയും ഇവർ കൈകാര്യം ചെയ്യണം. രാവിലെ കഞ്ഞി, ആഴ്ചയിൽ രണ്ട ദിവസം പാൽ, ഒരു ദിവസം മുട്ട എന്നിവയെല്ലാം തയ്യാറാക്കി നൽകുന്നതും ഉച്ചഭക്ഷണത്തിന് ശേഷം നൂറുകണക്കിന് പാത്രങ്ങൾ കഴുകി വൃത്തിയാക്കി മടങ്ങുമ്പോഴേക്കും തൊഴിലാളികളുടെ സമയം ഏറെ വൈകുമായിരുന്നു.


ആരോഗ്യവകുപ്പിന്റെയും നൂൺമീൽ ഉദ്യോഗസ്ഥരുടെയും മിന്നൽ പരിശോധനകൾ എപ്പോഴും ഉണ്ടാകുന്ന ഒരു ഇടം കൂടിയാണ് സ്കൂൾ പാചകപ്പുരകൾ. അതുകൊണ്ടുതന്നെ സദാസമയവും വൃത്തിയായി സൂക്ഷിക്കേണ്ട കടമയും ഇവർക്കാണ്. ഈ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കിയാണ് അധ്യാപകർ സഹായവുമായി മുന്നോട്ട് വന്നത്. ഒരു ക്വിന്റൽ അരി കഴുകാനും കിലോക്കണക്കിന് പച്ചക്കറികൾ അരിയാനും മണിക്കൂറുകൾ വേണ്ടിയിരുന്ന സ്ഥാനത്ത്, ഈ യന്ത്രങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ജോലി പൂർത്തിയാക്കാം. ഇത് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
റൈസ് വാഷിംഗ് മെഷീനിൻ്റെ പ്രവർത്തനോദ്ഘാടനം തോടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രനും വെജിറ്റബിൾ കട്ടിങ് മെഷീൻ നൂൺ മീൽ ഓഫീസർ രാജേഷും നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് മെമ്പർ ടി.കെ. ഹാരിസ് പ്രധാനാധ്യാപകൻ ടി.കെ. നസീർ, പി.ടി.എ. പ്രസിഡണ്ട് മൻസൂർ ഇടവലത്ത്, പി.അഹമ്മദ്, എ.ടി. അബ്ദുൽ മജീദ്, എ.ഇ.ഒ. ഓഫീസ് ഉദ്യോഗസ്ഥനായ ശ്രീഹരി, എ.കെ. സുബൈർ, കെ അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, എസ്. ആർ. ജി. കൺവീനർമാരായ പി. പ്രേംദാസ്, കെ.കെ. സഫീറ, നൂൺമീൽ കൺവീനർ എൻ.മിഥുൻ, കെ.കെ അയ്യൂബ് മറ്റ് അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു . വിരമിച്ച ശേഷവും വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന അധ്യാപകരുടെ ഈ മാതൃകയെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു
Kadameri MUP provided electrical equipment to the school kitchen