കളരി ചികിത്സയിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യവുമായി കേളപ്പൻ ഗുരുക്കൾ

കളരി ചികിത്സയിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യവുമായി കേളപ്പൻ ഗുരുക്കൾ
Jun 6, 2022 04:00 PM | By Kavya N

വടകര: കളരി ചികിത്സയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് കാർത്തികപ്പള്ളി മാടോള്ളതിൽ എം കേളപ്പൻ ഗുരുക്കൾ. കളരി അഭ്യാസത്തോട് ബന്ധപ്പെട്ടു കിടക്കുന്നതാണ് കളരി ചികിത്സയും. ആയുർവേദത്തിന്റെ പ്രമാണങ്ങളെ ആധാരമാക്കിയുള്ളതാണ് ചികിത്സാരീതിയെങ്കിലും കളരി ചികിത്സയ്ക്ക് അതിന്റേതായ ഒരടിത്തറയുണ്ട്.

പൂർവ്വികരായ കളരി ഗുരുനാഥന്മാർ ചിട്ടപ്പെടുത്തിയെടുത്തതാണ് ഈ പാരമ്പര്യ ചികിത്സാ രീതി. മർമ്മ ചികിത്സ, തിരുമ്മൽ, വ്യായാമ ചികിത്സ തുടങ്ങി കളരിചികിത്സയിൽ വ്യത്യസ്ത ശാഖകളുണ്ട്. കളരിചികിത്സയിലെ മർമ്മചികിത്സ രഹസ്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നവീകരണത്തിന് കളരിയുഴിച്ചിൽ ഏറെ സഹായിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രചാരം കളരി ചികിത്സയ്ക്ക് അൽപം മങ്ങലേൽപിച്ചിരുന്നുവെങ്കിലും ഇപ്പോൾ കളരി ചികിത്സയ്ക്ക് വീണ്ടും വൻ പ്രചാരം നേടാൻ കഴിഞ്ഞിട്ടുണ്ട്.


തച്ചോളി ഒതേനന്റേയും ആരോമൽ ചേകവരുടേയും ഉണ്ണിയാർച്ചയുടേയുമെല്ലാം മണ്ണിൽ പയറ്റിത്തെളിഞ്ഞ കേളപ്പൻ ഗുരുക്കൾ തന്റെ 72-ാം വയസ്സിലും കർമ്മനിരതനാണ്. പത്താം വയസ്സിൽ വാളും പരിചയും ഉറുമിയുമെല്ലാം പിടിച്ച് കളരി മുറകൾ അഭ്യസിച്ച അദ്ദേഹം തന്റെ കർമ്മ മണ്ഡലത്തിൽ ആറ് പതിറ്റാണ്ട് പിന്നിടുകയാണ്. 15,000 ൽ അധികം ശിഷ്യഗണങ്ങളുണ്ട് കേളപ്പൻ ഗുരുക്കൾക്ക്. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 'പീപ്പിൾസ് കളരി സംഘ'ത്തിന്റെ ശാഖകളിലൂടെയാണ് അദ്ദേഹം ഇത്രയേറെ ശിഷ്യൻമാരെ കളരിമുറകൾ അഭ്യസിപ്പിച്ചത്.

വടകര കടത്തനാടൻ കളരി സംഘത്തിലാണ് കേളപ്പൻ ഗുരുക്കൾ പയറ്റിത്തെളിഞ്ഞത്. 1976-ൽ വില്ല്യാപ്പള്ളി പൊൻമേരിയിൽ സ്വന്തമായി കളരിസംഘം ആരംഭിച്ചു. തുടർന്ന് കൊളത്തൂർ, മയ്യന്നൂർ, അരക്കുളങ്ങര, അരയാക്കൂൽത്താഴ, വള്ള്യാട്, കല്ലേരി, മംഗലാട് പൊയിൽപ്പാറ, ആയഞ്ചേരി, തണ്ണീർപ്പന്തൽ, എളയടം, കീഴത്ത് താഴക്കുനി തുടങ്ങി വിവിധ സ്ഥലങ്ങളിലും കളരി ശാഖകൾ തുറന്നു.


ഏറെ ശ്രദ്ധയും ഏകാഗ്രതയും വേണ്ട ആയോധന കലയാണ് കളരിപ്പയറ്റ്. എതിരാളിക്ക് ഒന്ന് പിഴച്ചാൽ അപകടം ഉറപ്പാണ്. കളരിപ്പയറ്റ് മനസ്സിന് ഏകാഗ്രതയും ശരീരത്തിനു ഉന്മേഷവും നൽകുന്നു. നിരന്തരമായ കളരി അഭ്യാസം ശരീരത്തിലെ ദുർമേദസ്സ് നീക്കി ശരീരത്തിന് ആരോഗ്യവും രൂപവും നൽകാൻ സഹായിക്കുന്നു. നാലു മുറകളാണ് കളരിയിൽ അഭ്യസിപ്പിക്കുന്നത്. മെയ്പ്പയറ്റ്, കോൽത്താരി, അങ്കത്താരി, വെറുംകൈ. ശരീരം ഉറപ്പിക്കുന്നതിനാണ് മെയ്പ്പയറ്റ്. അത് നന്നായി അഭ്യസിച്ചാൽ കോൽത്താരിയിലെത്താം.

അവിടേയും നന്നായി വഴക്കം നേടിയാൽ ആയുധങ്ങൾ കൈകാര്യം ചെയ്യാം. കത്തിയും ഉറുമിയും വാളുമല്ലാം കൈകാര്യം ചെയ്യണമെങ്കിൽ അസാമാന്യ വഴക്കവും ഏകാഗ്രതയും ആവശ്യമാണ്. ഇതിലും വിജയം വരിക്കുന്നതിലൂടെയാണ് വെറുംകൈ എന്ന മർമ്മ വിദ്യകൾ അഭ്യസിപ്പിക്കുക. ആയുധധാരികളെപ്പോലും വെറുംകൈകൊണ്ടു തോൽപ്പിക്കാൻ കഴിയുമെന്നതാണ് ഈ കളരിമുറയുടെ സവിശേഷത. കുഴിക്കളരിയാണ് കേളപ്പൻ ഗുരുക്കളുടെ കളരി.


ആദ്യകാലത്ത് കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടു തരം കളരികളാണ് ഉണ്ടായിരുന്നത്. കുഴിക്കളരി കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്. അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി. നടുവണ്ണൂർ പുല്ലരിക്കൽ ഗോവിന്ദൻ ഗുരുക്കളുടെ കീഴിലാണ് കേളപ്പൻ ഗുരുക്കൾ കളരി ചികിത്സാരീതി അഭ്യസിച്ചത്. 13 വർഷം അദ്ദേഹത്തോടൊപ്പം കഴിഞ്ഞായിരുന്നു പഠനം. ഇന്ന് ദിനംപ്രതി നിരവധി പേരാണ് കേളപ്പൻ ഗുരുക്കളുടെയടുത്ത് ചികിത്സതേടിയെത്തുന്നത്.

കൈകാലുകൾക്കുണ്ടാകുന്ന ഒടിവും ചതവുമെല്ലാം അനായാസം ഭേദപ്പെടുത്തുന്ന അദ്ദേഹം വാതസംബന്ധമായ അസുഖംബാധിച്ച് തളർന്നുപോയ ഒട്ടേറെപ്പേരെയാണ് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. കേളപ്പൻ ഗുരുക്കളുടെ കളരിയോട് ചേർന്നാണ് കളരി ചികിത്സ. എല്ലുകൾക്ക് ഒടിവും ചതവുമൊക്കെയായി നിരവധി പേർ ഇപ്പോഴും അവിടെ ചികിത്സയ്ക്ക് എത്തുന്നു. ചികിത്സയ്ക്ക് ആവശ്യമായ കഷായവും തൈലവുമെല്ലാം ഇവിടെത്തന്നെയാണ് ഉണ്ടാക്കുന്നത്.

കഷായക്കൂട്ടുകൾ എല്ലാം വളരെ കൃത്യമായും കണിശമായും ചേർക്കണമെന്നു ഗുരുക്കൾക്ക് വലിയ നിർബ്ബന്ധമാണ്. ഇപ്പോൾ ഗുരുക്കളുടെ മക്കളും ഇക്കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. ഗൂഗിളിലൂടെയും മറ്റും കേളപ്പന്‍ ഗുരുക്കളുടെ ചികിത്സാ മാഹാത്മ്യം തിരിച്ചറിഞ്ഞ് കേരളത്തിനു പുറത്തുനിന്നുള്‍പ്പെടെ ഒട്ടേറെപ്പേര്‍ കാര്‍ത്തികപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ചികിത്സയ്ക്കായി എത്തുന്നു. ഈ പ്രായത്തിലും അങ്കത്തട്ടിൽ ഇറങ്ങുമ്പോൾ കേളപ്പൻ ഗുരുക്കളുടെ കൈയ്യും മെയ്യും ചെറുപ്പമാവുന്നു.


ആരോഗ്യവും വർധിച്ച ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണ് കളരി അഭ്യാസനമെന്നതിന് കേളപ്പൻ ഗുരുക്കൾ തന്നെ സാക്ഷ്യം. കളരി അഭ്യസിക്കുന്നവർക്ക് നല്ല ധൈര്യം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ദിനംപ്രതി കളരി പഠനത്തിന് ഗുരുക്കളെത്തേടിയെത്തുന്ന ശിഷ്യരും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് കേളപ്പൻ ഗുരുക്കളുടെ കീഴിൽ നൂറിൽപ്പരം ശിഷ്യരുണ്ട്.

ജാതി, മത ഭേദമന്യേ എല്ലാ വിഭാഗങ്ങളിലും പെട്ടവർ കളരിയിൽ പരിശീലിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ ഒട്ടേറെ പ്രദര്‍ശന പരിപാടികളില്‍ കേളപ്പന്‍ ഗുരുക്കളും ശിഷ്യരും പങ്കെടുത്തിട്ടുണ്ട്. കേരളസര്‍ക്കാര്‍ പുനസംഘടിപ്പിച്ച കേരള കളരി അക്കാദമിയുട മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് അദ്ദേഹം. വസുമതിയാണ് ഭാര്യ. സോമന്‍, ലീന, സജേഷ് എന്നിവര്‍ മക്കളാണ്.

Kelappan Gurus With Half A Century Of Tradition In Kalari Treatment

Next TV

Related Stories
##Busstrike | പ്രതികളെ പിടികൂടി; വടകര താലൂക്കിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Jan 5, 2025 11:02 PM

##Busstrike | പ്രതികളെ പിടികൂടി; വടകര താലൂക്കിലെ ബസ് പണിമുടക്ക് പിൻവലിച്ചു

10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കവും പിൻവലിച്ചതെന്ന് സംയുക്ത സമര സമിതി...

Read More >>
#NationalScienceFair | മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി നജ ഫാത്തിമ ദേശീയ ശാസ്ത്രമേളയിലേക്ക്

Jan 5, 2025 09:04 PM

#NationalScienceFair | മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി നജ ഫാത്തിമ ദേശീയ ശാസ്ത്രമേളയിലേക്ക്

ഹരിയാനയിൽ നടക്കുന്ന ദേശീയ ശാസ്ത്രമേളയിലേക്ക് നജ ഫാത്തിമയെ...

Read More >>
#Cpi |  മേപ്പയിൽ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച് സി പി ഐ

Jan 5, 2025 08:02 PM

#Cpi | മേപ്പയിൽ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച് സി പി ഐ

ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം...

Read More >>
Top Stories