വടകര: (vatakara.truevisionnews.com) സർഗാലയ വേദിയിൽ നിഴലുകൾ കൊണ്ട് കഥ പറഞ്ഞ് പത്മശ്രീ രാമചന്ദ്രൻ പുലവർ.
തോൽപ്പാവക്കുത്തിലെ ഇതിഹാസമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ SIACF2024 പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറിയത്.
ക്ഷേത്രത്തിന്റെ മതിൽക്കെട്ടിൽ പുരാണങ്ങളും കഥകളും കൊണ്ട് മാത്രം ഒതുങ്ങിയ ഈ കലാരൂപത്തെ, പുറത്ത് പൊതുസമൂഹത്തിനു മുന്നിൽ ആനുകാലിക വിഷയങ്ങളോടു കൂടി കൊണ്ടുവരികയും കൂടുതൽ പ്രചരിപ്പിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് പത്മശ്രീ അവാർഡ് നേടിക്കൊടുക്കാൻ കാരണമായത്.
കേരളത്തിന്റെ സാംസ്ക്കാരിക പൈതൃക ചരിത്ര പാഠങ്ങൾ നിഴൽ പാവകളുടെ സഹായത്തോടെ 'കേരളീയം'എന്ന കഥയായിട്ടാണ് രാമചന്ദ്രനും സംഘവും വേദിയിൽ അവതരിപ്പിച്ചത്.
കൂടാതെ, സ്ത്രീസാന്നിധ്യം നിഷിദ്ധമായ തോൽപ്പാവക്കൂത്തിലേക്കു ആദ്യമായി വനിതകളെ ഉൾപ്പെടുത്തി ഒരു തോൽപ്പാവക്കൂത്ത് സംഘം രൂപീകരിക്കാനും ഇദ്ദേഹം മുൻകൈ എടുത്തു.
രാമരാവണ യുദ്ധവും പുരാണവും മാത്രം പറഞ്ഞിരുന്ന പാവക്കുത്തിലൂടെ രാമചന്ദ്രൻ പുലവർ ഇന്ന് പറയുന്നത് സാമൂഹിക വിഷയങ്ങളാണ്.
മഹാബലിയുടെയും, യേശുവിന്റെയും കഥകൾ, ഗാന്ധിജിയുടെ ജീവിതകഥ, ഷേക്സ്പിയറിന്റെ നാടകങ്ങൾ, മാലിന്യനിർമ്മാർജ്ജനം, സ്ത്രീശക്തികരണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ എന്നിവയെല്ലാം രാമചന്ദ്രൻ പുലവർ നിഴലിലൂടെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്നു.
#Kerala #Padma #Shri #RamachandranPulavar #tells #story #shadows #Sargalaya #venue