---
title: "വടകര- തൊട്ടിൽപ്പാലം ബസുകളിൽ മോഷണം; പത്ത് പവന്‍ കവര്‍ന്നത് ഒന്നര മണിക്കൂറിനിടയില്‍ "
english_title: "Theft in Vadakara- Thotilpalam buses; Ten Pawan was stolen in one and a half hours"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69781/theft-in-vadakara-thotilpalam-buses-ten-pawan-was-stolen-in-one-and-a-half-hours"
published_at: "2022-09-21T14:25:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ad2b1d56f0_theft.jpg"
keywords: []
---

# വടകര- തൊട്ടിൽപ്പാലം ബസുകളിൽ മോഷണം; പത്ത് പവന്‍ കവര്‍ന്നത് ഒന്നര മണിക്കൂറിനിടയില്‍ 

> **Lead Summary:** **വടകര:** വടകര-നാദാപുരം മേഖലയിൽ സ്വകാര്യബസുകളിൽ മോഷണം പതിവാകുന്നു.മൂന്ന് ബസുകളിലെ സ്ത്രീ യാത്രക്കാരിൽ നിന്ന് 10 പവൻ ആഭരണങ്ങളാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ 7.30 നും 9നും ഇടയിൽ ഒന്നരമണിക്കൂറുകളുടെ ഇടവേളയിലാണ് 10 പവനിലേറെ ആഭരണങ്ങൾ മോഷണം പോയത്.

## Article Content

**വടകര:** വടകര-നാദാപുരം മേഖലയിൽ സ്വകാര്യബസുകളിൽ മോഷണം പതിവാകുന്നു.മൂന്ന് ബസുകളിലെ സ്ത്രീ യാത്രക്കാരിൽ നിന്ന് 10 പവൻ ആഭരണങ്ങളാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ 7.30 നും 9നും ഇടയിൽ ഒന്നരമണിക്കൂറുകളുടെ ഇടവേളയിലാണ് 10 പവനിലേറെ ആഭരണങ്ങൾ മോഷണം പോയത്.

മൂന്ന് സ്ത്രീകളുടെ സ്വർണ്ണമാലകളാണ് അപഹരിക്കപ്പെട്ടത്. വടകരയിൽ നിന്ന് കുറ്റ്യാടിയിലേക്കുള്ള കിഴക്കയിൽ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വടകര പഴങ്കാവ് സ്വദേശിനിയായ 62കാരിയുടെ 5 പവൻ സ്വർണമായും പുറമേരി ടൗൺ പരിസരത്തെ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയും പുറമേരി ഹോമിയോ മുക്ക് സ്വദേശിനിയുടെ 3 പവനിലേറെ വരുന്ന മാലയുമാണ് മോഷ്ടാക്കൾ കവർന്നത്.

മൂന്ന് സ്ത്രീകളും വ്യത്യസ്ത ബസ്സുകളിൽ നാദാപുരം മേഖലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പഴങ്കാവ് സ്വദേശിനിയുടെ ആഭരണം ആണ് ആദ്യം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ സമാനമായ രീതിയിൽ മറ്റു രണ്ടു മോഷണങ്ങളും ഉണ്ടായി. വടകര-കുറ്റ്യാടി-തൊട്ടിൽപാലം റോഡുകളിൽ സർവീസ് നടക്കുന്ന തിരക്കേറിയ സ്വകാര്യ ബസ്സുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്ന സംഘം ഏറെക്കാലമായി വിലസുകയാണ്.

കഴിഞ്ഞ ഓണ നാളുകളിലും നാദാപുരം മേഖലയിലെ ബസുകളിൽ യാത്രക്കാരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. തമിഴ്നാട്, മധുര കേന്ദ്രീകരിച്ചുള്ള കവർച്ചക്കാരായ സ്ത്രീകളുടെ സംഘമാണ് മോഷണത്തിന് പിന്നിൽ എന്നാണ് പോലീസ് നിഗമനം. മോഷണം നിത്യസംഭവമായിട്ടും പ്രതികളെ പിടികൂടാൻ ആവാത്തത് പോലീസുകാരെ കുഴക്കുന്നുണ്ട്. ആഭരണങ്ങൾ നഷ്ടപ്പെട്ട യാത്രക്കാർ നാദാപുരം വടകര പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69781/theft-in-vadakara-thotilpalam-buses-ten-pawan-was-stolen-in-one-and-a-half-hours)