ഓർക്കാട്ടേരി: 1938ൽ തുടങ്ങിയ ഓർക്കാട്ടേരി ചന്ത 2023ൽ ചരിത്രം കുറിക്കുന്നു. ജനുവരി 26ന് ആരംഭിച്ച് ഇന്നേക്ക് ആറാം ദിവസം പൂർത്തിയാകുമ്പോൾ കോഴിക്കോട് ജില്ല ആകെ ഒഴുകി ഓർക്കാട്ടേരിയിലെത്തിയ പ്രതീകമാണ്. രണ്ടുവർഷത്തെ കോവിഡ് സൃഷ്ടിച്ച ഭീതി ഒഴിവായപ്പോൾ ഓർക്കാട്ടേരി ചന്ത മനുഷ്യർക്കിടയിൽ ഒരു വികാരമായി. വിശാലമായ രണ്ടര ഏക്കർ മൈതാനിയിൽ ഉൾക്കൊള്ളുന്നതിലധികം ജനങ്ങളാണ് ഓരോ ദിവസവും ഒഴുകി എത്തുന്നത്.


എടച്ചേരി പോലീസിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലാണ് ട്രാഫിക് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ യാതൊരു തരത്തിലുള്ള ക്രമസമാധാന പ്രശ്നമോ, നിയമ ലംഘനമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് എടച്ചേരി പോലീസിന്റെ മികവാണ്. ഏറാമല ഗ്രാമപഞ്ചായത്തിന്റെ പഴുതടച്ച സംഘാടക മികവും, പിന്തുണയും എടുത്തുപറയേണ്ടത് തന്നെയാണ്. പ്രവേശന കവാടത്തിന്റെ മുൻവശത്തെ നിലയിലുള്ള ചന്ത കമ്മിറ്റി ഓഫീസ് സന്ദർശക സേവനത്തിനായി സദാ പ്രവർത്തന സജ്ജമാണ്.
തിറയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചുമപ്പൽ കുത്തൽ ഉൾപ്പെടെ സമാപിച്ചപ്പോൾ കോഴിക്കോട് ജില്ല മാത്രമല്ല കേരളമാകെ ചന്തയിലേക്കാണെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ഇന്നത്തെ വഴിയോര കാഴ്ച കണ്ടാൽ ആരും ഞെട്ടിപ്പോകും. എടച്ചേരി ടൗൺ മുതൽ ഓർക്കാട്ടേരി പെട്രോൾ പമ്പ് വരെയുള്ള രണ്ടു ഭാഗങ്ങളിലും വിവിധ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാൽ സമ്പന്നമാണ്. കാർത്തികപ്പള്ളി റോഡിലേക്ക് പൂർണ്ണ ഗഥാഗത നിയന്ത്രണമാണ് ഇന്ന് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന നിബിഡമായ ഈ റോഡിലേക്ക് ഇരുചക്ര വാഹനത്തെ പോലും പറഞ്ഞു വിടാൻ സാധ്യമാകുന്നില്ല.
കൂടുതൽ പാർക്കിംഗ് സൗകര്യമുള്ള സ്ഥലങ്ങൾ ഇവിടെയാണ് സജ്ജീകരിച്ചത്. ചന്തയുടെ പ്രവേശന കവാടത്തിനും എം.എം സ്കൂളിനും സമീപത്തായി നിരവധി സ്ഥലങ്ങളിലാണ് പാർക്കിംഗ് സൗകര്യമുള്ളത്. ഇത് വാഹന യാത്രക്കാർക്ക് അല്പം അസൗകര്യമാണ് സൃഷ്ടിക്കുന്നത്. ചന്ത അവസാനിക്കാൻ 5 ദിവസങ്ങൾ മാത്രമാണ് ബാക്കി. നാളെ മുതൽ ഏത് രീതിയിലായിരിക്കും ജനപ്രവാഹം ഉണ്ടാവുക എന്നത് പ്രവചനാതീതമാണ്. ലക്ഷങ്ങൾ വന്നാലും സ്വീകരിക്കാൻ തങ്ങൾ ഒരുക്കമാണെന്ന ഉറച്ച തീരുമാനത്തിലാണ് ഏറാമല ഗ്രാമപഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ കക്ഷി, വ്യാപാരി സംഘടനകൾ ഉൾപ്പെടുന്ന ചന്ത കമ്മിറ്റി. നേരത്തെ വടകരയിൽ നടന്ന വാർത്താ സമ്മേളനത്തിലും ഇത് വ്യക്തമാക്കിയതുമാണ്. കഴിഞ്ഞ 83 വർഷത്തെ ചന്ത ചരിത്രത്തിനിടയിൽ ഇത്രയും ആളുകൾ വന്ന ഒരു ചന്ത ഉണ്ടായിരിക്കുകയില്ല. അതിന് നേതൃത്വം നൽകാൻ സാധിച്ച ചന്ത മഹോത്സവ കമ്മിറ്റിക്ക് അഭിമാനിക്കാം.

Article by ഷമീം എടച്ചേരി
സബ് എഡിറ്റര്‍ ട്രെയിനി -ട്രൂവിഷന്‍ ന്യൂസ് ബി എ -പൊളിറ്റിക്കല്‍ സയന്‍സ് -മടപ്പള്ളി ഗവ . കോളെജ് മടപ്പള്ളി
Orkkatteri Market; Tens of thousands are pouring in every day