ഓർക്കാട്ടേരി: അലകടൽ പോലെ ജനം ഒഴുകിയെത്തി ആഘോഷരാവുകൾ തീർത്തപ്പോൾ പഴമയും തനിമയും ചോരാതെ ഓർക്കാട്ടേരി ചന്ത. 1938ൽ തുടങ്ങിയ ഇന്ത്യയിലെ 36മത്തെ ചന്തയാണ് ഓർക്കാട്ടേരി. 2038 ആകുമ്പോഴേക്കും നൂറുവർഷം പൂർത്തിയാകുന്ന ചരിത്ര നിമിഷത്തിലേക്ക് വഴിമാറും. തികച്ചും എളിയ രീതിയിൽ കന്നുകാലി ചന്തയിൽ നിന്നും തുടങ്ങി അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലെയുള്ള അനുഭൂതിയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.


ഓർക്കാട്ടേരി പ്രദേശത്തിന്റെ ഒരു പ്രാദേശിക ക്ഷേത്ര ഉത്സവത്തിൽ നിന്നും തുടങ്ങിയ ചന്ത പുതിയ കാലഘട്ടത്തിൽ കോവിഡിന് ശേഷം ഒരു ആഗോള ചന്തയായി മാറിയിരിക്കുകയാണ്. കേരളത്തിന് പുറമേയുള്ള അന്യ സംസ്ഥാനങ്ങൾ, നേപ്പാൾ, ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്ന് പോലും ചന്തയിലേക്ക് സന്ദർശകർ എത്തുന്നുണ്ട്. നാളെ ഈ ഒരു പ്രതിഭാസം വളർന്ന് ഓർക്കാട്ടേരി ചന്ത ലക്ഷ്യമാക്കി പല രാജ്യങ്ങളിൽ നിന്ന് പോലും സന്ദർശകർ വരാനുള്ള സാധ്യതയുണ്ട്.
കോവിഡിനു ശേഷമുള്ള ആദ്യ ചന്ത എന്ന നിലയിൽ പതിനായിരങ്ങളാണ് ഓരോ ദിവസവും കടന്നുവരുന്നത്. ജന നിബിഡമാണ് ഓർക്കാട്ടേരി ചന്തയും പരിസര റോഡുകളും, പ്രധാന റോഡായ ഓർക്കാട്ടേരി ടൗൺ റോഡിൽ ചന്തയിലേക്കുള്ള വാഹനപ്പെരുപ്പും കാരണം മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ഓർക്കാട്ടേരി ടൗൺ ഒഴിവാക്കിയുള്ള ഒരു ബദൽ പാത വേണം എന്നതാണ് പല ഡ്രൈവർമാരും ആവശ്യപ്പെടുന്നത്. പതിനായിരങ്ങൾ ഒഴുകി വന്നിട്ട് പോലും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുമായി എടച്ചേരി പോലീസും, വളണ്ടിയേഴ്സും ജനങ്ങളെ സഹായിക്കുന്നു. ഏറാമല ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചന്ത കമ്മിറ്റിയുടെ സേവനവും എടുത്തു പറയേണ്ടതു തന്നെയാണ്.
ചന്ത കഴിയാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കി. ചന്തയുടെ നൂറാം വാർഷികം 2038ലായിരിക്കും. നൂറാം വാർഷികാഘോഷത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. ദുബായിലെ ഗ്ലോബൽ വില്ലേജ് മാതൃകയിൽ ഒരുപക്ഷേ നാളെ ഓർക്കാട്ടേരി ചന്തയും മാറാം. പല ഗ്രാമീണ ഉത്സവങ്ങളും പിന്നീട് രാജ്യാതിർത്തികൾ കടന്നുകൊണ്ട് മുന്നേറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
പല വിദേശരാജ്യങ്ങളിൽ നടക്കുന്ന കാർണിവൽ ഇതിനൊരു ഉദാഹരണമാണ്. അത്തരത്തിലേക്കുള്ള ഒരു പ്രയാണത്തിന്റെ സൂചനകളാണ് ഈ വർഷത്തെ ചന്തയിൽ കാണുവാൻ സാധിച്ചത്. അത് ആഗോള ടൂറിസ്റ്റ് ഭൂപടത്തിലും, ലോക പ്രദർശന ഉത്സവ ഭൂപടത്തിലും ഇടം നേടാം. അതിന് ഓർക്കാട്ടേരി ചന്തക്ക് കഴിയട്ടെ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.
record people; Orchatyri market to global map