---
title: "വടകര ഏറ്റെടുക്കുന്നു; ചിറകുമുളക്കാൻ മിനി ഗോവ "
english_title: "Vadakara takes over; Mini Goa to grow its wings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/94701/vadakara-takes-over-mini-goa-to-grow-its-wings"
published_at: "2023-02-04T19:49:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de69efc1d58_goa.jpg"
keywords: []
---

# വടകര ഏറ്റെടുക്കുന്നു; ചിറകുമുളക്കാൻ മിനി ഗോവ 

> **Lead Summary:** ** വടകര**: മിനി ഗോവ എന്നറിയപ്പെടുന്ന കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ വടകര നഗരസഭ തീരുമാനം. അടുത്തകാലത്തായി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ സ്ഥലമാണ് മിനി ഗോവ.

## Article Content

** വടകര**: മിനി ഗോവ എന്നറിയപ്പെടുന്ന കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ വടകര നഗരസഭ തീരുമാനം. അടുത്തകാലത്തായി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ സ്ഥലമാണ് മിനി ഗോവ.

ഈ പ്രദേശം നഗരപരിധിയിലെ റവന്യൂ പുറം പോക്ക് ഭൂമിയാണ്. റവന്യൂ വകുപ്പിൽ നിന്ന് ഈ സ്ഥലം പാട്ടത്തിനെടുക്കാനാണ് നഗരസഭ കൗൺസിൽ തീരുമാനിച്ചത്.

ഈ ഭൂമി, മുൻസിപ്പൽ ആക്ട് സെക്ഷൻ 207 പ്രകാരം നഗരസഭയ്ക്ക് നിക്ഷിപ്തമാവുന്ന രീതിയിൽ കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.

ഈ ഭൂമിയിൽ നിന്നുള്ള അറ്റദായം സർക്കാരിൽ നിക്ഷിപ്തമാവുന്ന വ്യവസ്ഥയിൽ ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിനായി നഗരസഭയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതാണെന്ന് കാണിച്ചു ജില്ലാ കലക്ടർ നഗരസഭയ്ക്ക് കത്തയച്ചിരുന്നു.

ടൂറിസം മേഖലയിൽ വലിയ വികസന സാധ്യതയുള്ള പ്രദേശമാണ് മിനി ഗോവ എന്നറിയപ്പെടുന്ന ഈ കടലോരം. കടലിനു സമാന്തരമായി നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പ്.

അതിനിടയിലൂടെ റോഡിലൂടെയുള്ള യാത്ര മനോഹരമാണ്. റോഡിന് ഒരു വശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം.

കുറ്റിക്കാടുകൾ പിന്നിട്ട് കണ്ടൽക്കാടുകൾക്കിടയിലൂടെ നടന്നെത്തുക പഞ്ചാര മണൽ വിരിച്ച മനോഹരമായ ബീച്ചിലേക്കാണ്. ഗോവയിലെ പോലെയുള്ള പ്രകൃതി ഭംഗിയും തീരവും എല്ലാമാണ് ഈ പ്രദേശത്തിന് മിനി ഗോവ എന്ന് പേര് വരാൻ കാരണം.

പാവപ്പെട്ടവന്റെ ഗോവ എന്നും ആളുകൾ വിളിക്കുന്നു.നഗരസഭ ഈ പ്രദേശം ഏറ്റെടുക്കുന്നതോടെ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്കു കൂടിയാണ് ചിറുകു മുളക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/94701/vadakara-takes-over-mini-goa-to-grow-its-wings)