വടകര: പഴകിയ ഭക്ഷണം നൽകിയ സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താത്തതിൽ വിമർശനം. നഗരസഭയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുകൾ പൂഴ്ത്തിയ നടപടിയിൽ വടകര താലൂക്ക് വികസന സമിതി യോഗത്തിൽ പരക്കെ വിമർശനമുയർന്നു. പേര് പുറത്തു വിടാത്ത നടപടിയിൽ ദുരൂഹത നിലനിൽക്കുന്നതായി ആക്ഷേപമുയർന്നു.


വടകര എസ്. പി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സമിതി യോഗത്തിൽ ആവശ്യമുയർന്നു. ജീവൻ പണയം വെച്ചാണ് ഈ ഓഫീസിലെ ജീവനക്കാർ ജോലി ചെയ്യുന്നത്.
ആവശ്യത്തിന് ജോലിക്കാരോ സ്വന്തമായി വാഹനവുമില്ല. താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കേണ്ട പല വകുപ്പ് മേധാവികളും വരാതിരിക്കുന്നത് സമിതിയോടുള്ള അവഹേളനമാണെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പത്മിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, താലൂക്ക് വികസന സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരൻ, പ്രദീപ് ചോമ്പാല, പി.പി.രാജൻ, ടി.വി.ബാലകൃഷ്ണൻ, പി.എം.മുസ്തഫ, പറമ്പത്ത് ബാബു, സി.കെ.കരീം, വി.പി.അബ്ദുള്ള, ടി.പി.ഗംഗാധരൻ സംസാരിച്ചു.
stale food; Criticism of non-disclosure of names of institutions