ഒഞ്ചിയം: വടകര വിദ്യാഭ്യാസ ജില്ലയ്ക്കു കീഴിൽ ചോമ്പാല ഉപജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി സ്കൂളായ ഒഞ്ചിയം ഗവ. യു പി സ്കൂൾ 65 ന്റെ നിറവിൽ. 1957 ൽ ആദ്യത്തെ ഇ എം എസ് സർക്കാരിന്റെ കാലത്താണ് ഈ സ്കൂൾ നിലവിൽ വന്നത്.


അതുവരെ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം ആർ നാരായണക്കുറുപ്പിന്റെ ശ്രമഫലമായാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്.
1957 ൽ സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. 1957 ജൂലൈ പതിനാറിന് ആദ്യ വിദ്യാർത്ഥിയായി ടി എം നാണുവിന് പ്രവേശനം നൽകിക്കൊണ്ടാണ് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.
അധ്യാപകനായി ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം അടുത്തിടെ അന്തരിച്ചു. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഇവിടെ 31 വിദ്യാർത്ഥികളായിരുന്നു ആദ്യമായി പ്രവേശനം നേടിയത്.
സ്കൂളിൽ ദീർഘകാലം അധ്യാപകനായി സേവനം അനുഷ്ഠിച്ച സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഇപ്പോൾ അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.
55 കുട്ടികളാണ് ഇവിടെ പഠനം തുടരുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂളിൽ ഒരു ഓഫീസ് റൂമും മൂന്നു ക്ലാസ് മുറികളും സയൻസ് ലാബും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഓഡിറ്റോറിയവും അടുക്കളയുമുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ നിലവിലുണ്ട്.
രാജ്യസഭാംഗമായിരുന്ന എം പി അച്യുതന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ സ്റ്റേജും നിർമ്മിച്ചിട്ടുണ്ട്. കെ മുരളീധരൻ എം പി സ്കൂളിനായി ഒരു സ്കൂൾ വാനും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തിവരുന്ന ഇവിടെ നിലവിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ അഞ്ച് അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റുമാണ് സേവനം അനുഷ്ഠിക്കുന്നത്.
എം എൻ പ്രമോദാണ് പ്രധാനാധ്യാപകൻ. കെ കെ ഹരിദാസനാണ് പിടിഎ പ്രസിഡന്റ്. ശക്തമായ പിടിഎയും എംപിടിഎയും സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. 65 വർഷങ്ങൾ പിന്നിടുമ്പോൾ ഈ വിദ്യാലയം ചോമ്പാല ജില്ലയിലെ ഹൈടെക് സർക്കാർ യുപി സ്കൂൾ ആയി മുന്നേറുകയാണ്.
Onchiam Govt. UP School turns 65