വടകര: യുഎഇ യിലെ ഷാര്‍ജ വെച്ച് അകാലത്തില്‍ പൊലിഞ്ഞ മംഗലാട് സ്വദേശി പട്ടേരി കുനിയില്‍ താമസിക്കുന്ന തുണ്ടിക്കണ്ടിയില്‍ അബ്ദുല്‍ സത്താറിന്റെ മൃതദേഹം നാളെയോടെ നാട്ടിലെത്തിക്കും. അബ്ദുസത്താര്‍ ഒരു മികച്ച കായിക പ്രതിഭയായിരുന്നുവെന്ന് കടേമരിയിലെ സുഹൃത്തുക്കള്‍ പറയുന്നു. തനത് ശേഷിയും കേളീശൈലിയുമുള്ള വോളിബോള്‍ താരം.


ആര്‍.എസി സ്‌കൂള്‍ മൈതാനമായിരുന്നു സത്താറിന്റെ തട്ടകം. കായികാധ്യാപകനും പ്രമുഖ വോളിബോള്‍ പരിശീലകനുമായ. കെ. നസീര്‍ മാസ്റ്ററാണ് സത്താറിലെ പ്രതിഭയെ കണ്ടെത്തി വളര്‍ത്തിയത്. വോളി ബോളില്‍ മികവ് കാണിച്ച കാലത്ത് ടീമിന്റെ പ്രധാന അറ്റാക്കര്‍ സത്താറായിരുന്നു. ഇടം കയ്യനായ സത്താറിന്റെ മിന്നല്‍ സ്മാഷുകളില്‍ എതിര്‍ ടീമിലെ ഡിഫന്റര്‍മാര്‍ നിസ്സഹായരായി. മൂന്ന് പേര്‍ ഒന്നിച്ചു തടുത്താലും ഇടയിലൂടെ ഷോട്ടു തിര്‍ക്കും സത്താര്‍ .
രണ്ട് തവണ സംസ്ഥാന സ്‌കൂള്‍ ടീമിനു വേണ്ടി ജഴ്‌സിയണിഞ്ഞു. വോളീബോളില്‍ മാത്രം ഒതുങ്ങുന്നതല്ല സത്താറിലെ കായിക സിദ്ധി . അത് ലറ്റിക്കസിലും മികവ് പുലര്‍ത്തി. ഹൈജംബ്ബ് , 100 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ സംസ്ഥാന , ജില്ലാ തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിരുന്നു. ഷാര്‍യിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് രണ്ട് മാസം മു്മ്പ്് സത്താര്‍ മരണപ്പെട്ടുന്നത്.
ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫോട്ടോയും അബ്ദുല്‍ സത്താര്‍ തുണ്ടികണ്ടിയില്‍ പോക്കര്‍ എന്ന പേരും മാത്രമാണ് ലഭ്യമായിരുന്നത്. കഴിഞ്ഞ ദിവസം യാദൃശ്ചികമായി വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇദ്ദേഹത്തെക്കുറിച്ച് തിരക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. വടകര മംഗലാട് സ്വദേശിയാണ് അബ്ദുല്‍ സത്താര്‍ എന്ന് തിരിച്ചറിഞ്ഞ ആളുകള്‍ യു.എ.ഇയില്‍ തന്നെയുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അഷറഫ് താമരശ്ശേരി അറിയിച്ചു.
ABDUL SATHAR WAS A VOLY BALL STAR IN KADAMERI