വടകര: തന്റെ ശിഷ്യരുടെ സ്മരണകളിലാണ് യഥാർത്ഥ അധ്യാപകർ ജീവിക്കുന്നത് എന്ന് കഥാകാരൻ വി ആർ സുധീഷ് പറഞ്ഞു.


അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും കവിയും ഗ്രന്ഥകർത്താവും അനൗൺസറും ആയ വടയക്കണ്ടി നാരായണൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നതിനോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പും പരിസ്ഥിതി സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൻറ് മൈക്കിൾസ് ഗേൾസ് എച്ച് എസ് എസിൽ നടന്ന പരിപാടിയിൽ ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ ഉപഹാരം നൽകി.
ഡി ഡി ഇ മനോജ് മണിയൂർ നാരായണനെ കുറിച്ചുള്ള കൈപുസ്തകം ഡോ. ഹുസൈൻ മടവൂരിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സെമിനാർ പ്രബന്ധാവതാരകർക്കുള്ള സർട്ടിഫിക്കറ്റുകൾ ബാംഗ്ലൂരിൽ നിന്നുള്ള ജയനി ബെൻ ഹെയിം വിതരണം ചെയ്തു.
'ഹരിത പൂർവ്വം' എന്ന പേര് നൽകിയ പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ എം ജി ബൽരാജ് അധ്യക്ഷത വഹിച്ചു. കൺവീനർ സെഡ് എ സൽമാൻ, ബി എം സി ജില്ലാ കോഡിനേറ്റർ ഡോ. കെ പി മഞ്ജു, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം കുര്യൻ, ജിന്റോ ചെറിയാൻ, ഷാജിർ ഖാൻ വയ്യാനം, സി കെ രാജലക്ഷ്മി, നിർമ്മല ജോസഫ്, സുമ പള്ളിപ്രം, ശശികുമാർ ചേളന്നൂർ, വൈഗ ബിജു തുടങ്ങിയവർ സംസാരിച്ചു.
'പരിസ്ഥിതി വിദ്യാഭ്യാസം; വർത്തമാനകാല പരിപ്രേക്ഷ്യം' എന്ന സെമിനാറിൽ മോഡറേറ്ററും പ്രബന്ധങ്ങൾ അവതരിപ്പിച്ചതും വിദ്യാർത്ഥികൾ ആയിരുന്നു. സെൻറ് മൈക്കിൾസ് ഗേൾസ് എച്ച്എസ്എസിലെ എംപി സാനിയ മോഡറേറ്റർ ആയി.
ഗവൺമെൻറ് മോഡൽ എച്ച് എസ് എസിലെ റിയ ഫാത്തിമ 'പരിസ്ഥിതി വിദ്യാഭ്യാസ മാതൃകകൾ' എന്ന പ്രബന്ധവും ഹിമായത്തുൽ എച്ച് എസ് എസിലെ മുഹമ്മദ് ഹിഷാം 'പരിസ്ഥിതി വിദ്യാഭ്യാസ പ്രതീക്ഷകൾ' എന്ന പ്രബന്ധവും സെൻറ് മൈക്കിൾസ് ഗേൾസ് എച്ച്എസ്എസിലെ പി ആദ്യ 'പരിസ്ഥിതിയും കർഷകരും' എന്ന പ്രബന്ധവും അവതരിപ്പിച്ചു.
Teachers live in the memories of their disciples - VR Sudheesh