ഒഞ്ചിയം: നാദാപുരം റോഡ് ബസ് കാത്തിരിപ്പുകേന്ദ്രം അപകടനിലയിൽ. സമീപത്തെ കൂറ്റൻ തണൽമരത്തിന്റെ ശാഖ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ കോൺക്രീറ്റിനുള്ളിലേക്ക് വളരുന്നതിനാൽ ഈ ഭാഗം പൊട്ടിയിരിക്കുകയാണ്. വാഗ്ഭടാനന്ദ പാർക്ക് തുടങ്ങുന്ന ഭാഗത്താണ് കാത്തിരിപ്പുകേന്ദ്രം.


സ്കൂൾ കുട്ടികളും യാത്രക്കാരും സ്ഥിരമായി വന്നിരിക്കാറുള്ള ഇവിടെ എല്ലാ തൂണുകളിലും മേൽക്കൂരയിലും വിള്ളലുണ്ട്. ഏതുനിമിഷവും തകർന്നുവീഴാറായ അവസ്ഥയിലാണ്.സമീപത്തെ വ്യാപാരികൾ അപകടസാധ്യത കണക്കിലെടുത്ത് ഫ്ലക്സ് ബോർഡുകളും മറ്റും ഉപയോഗിച്ച് താത്‌കാലികമായി ഒരു ഭാഗം മറച്ചിട്ടുണ്ട്. സമീപത്തുതന്നെ പ്രശസ്തമായ മടപ്പള്ളി സ്കൂൾ ഉള്ളതിനാൽ ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് ബസ്‌സ്റ്റോപ്പിൽ വന്നിരിക്കാറുള്ളത്.
വാഗ്ഭടാനന്ദ പാർക്കിലേക്കുവരുന്ന ആളുകളും ഇവിടെനിന്നാണ് ബസ് കയറുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഈ മരം മുറിക്കുകയും ബസ്‌സ്റ്റോപ്പ് പൊളിച്ചുമാറ്റുകയും വേണം. എന്നാൽ, താത്‌കാലികമായി ഈ ഭാഗത്ത് പണി നിർത്തിവെച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇവ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് മാസങ്ങൾക്കു മുൻപേ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയതായും വ്യാപാരികൾ പറഞ്ഞു. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നിവേദനം ലഭിച്ചതിനെത്തുടർന്ന് നാഷണൽ ഹൈവേ അധികൃതർക്ക് രണ്ടുതവണ കത്തു നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Nadapuram Road bus stand in danger