മടപ്പള്ളി: വികസന കുതിപ്പിലേക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മടപ്പള്ളി ഗവ: ഹയർ സെക്കൻഡറി സ്കൂൾ. ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന്റെ നവീകരണത്തിനായി 1.5 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു.


വടകര മണ്ഡലത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാണ് മടപ്പള്ളി ഗവ: ഹയർസെക്കണ്ടറി സ്‌കൂൾ. തീരദേശ മേഖലയിലെ സാധാരണക്കാരായ കുട്ടികളുടെ ആശ്രയ കേന്ദ്രമായ സ്കൂൾ നേരത്തെ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളായിരുന്നു.
2021 മുതൽ ആൺകുട്ടികൾക്ക് കൂടെ പ്രവേശനം അനുവദിച്ചു കിട്ടിയതോടെ സ്‌കൂൾ എല്ലാ അർത്ഥത്തിലും കൂടുതൽ വിപുലപ്പെടുകയായിരുന്നു. പഴയ ഓഡിറ്റോറിയത്തിന്റെ നവീകരണം, ചുറ്റുമതിലിന്റെയും സ്‌കൂൾ കവാടത്തിന്റെയും നിർമ്മാണം, കൂടുതൽ ക്‌ളാസ് മുറികളുടെ നിർമ്മാണം തുടങ്ങി അടിയന്തര പ്രാധാന്യമർഹിക്കുന്ന നവീകരണ പ്രവൃത്തികൾക്കാണ് ഇപ്പോൾ 1.5 കോടി രൂപ ഭരണാനുമതിയായിരിക്കുന്നത്.
കെ.കെ.രമ വടകര എം.എൽ.എ ആയി ചുമതലയേറ്റത്തിന് ശേഷം പലതവണ സ്‌കൂൾ സന്ദർശിക്കുകയും സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. നാടിന്റെ ആവശ്യം അനുഭാവപൂർണം പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നൽകുകയായിരുന്നു.
മറ്റു സാങ്കേതിക അനുമതികൾ ലഭ്യമാകുന്നമുറയ്ക്ക് നവീകരണ പ്രവർത്തികൾ വൈകാതെ തന്നെ ആരംഭിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു.
1.5 crore sanctioned to Madapally School for renovation