വടകര: ദീർഘകാലം വടകര സുന്നി സെന്ററിൽ ഖത്തീബായി സേവനമനുഷ്ഠിച്ച വടകരക്കാർക്കിടയിൽ സുപരിചിതനായ റഹ്മത്തുള്ള സഖാഫി എളമരം യു.എ.ഇ.യിലേക്ക്. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ഈ വര്‍ഷത്തെ റമളാന്‍ അതിഥിയായാണ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും, മർകസ് അസോസിയേറ്റ് പ്രൊഫസറുമായ റഹ്മത്തുല്ല സഖാഫി എളമരം അബൂദാബിയിലെത്തിയത്.


വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളായ പണ്ഡിതര്‍ക്കിടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് റഹ്മത്തുല്ല സഖാഫി യുഎഇലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏപ്രിൽ 15 വരെയുള്ള ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ പള്ളികളിലും കൺവെൻഷൻ സെന്ററുകളിലുമായി 31 കേന്ദ്രങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തും.സമകാലിക വിഷയങ്ങളിൽ അവസരോചിതമായി മതനിലപാടുകൾ പറഞ്ഞും പ്രഭാഷണ രംഗത്ത് സജീവ സാന്നിധ്യമായും ശ്രദ്ധേയമായ റഹ്മത്തുല്ല സഖാഫിയുടെ സദസ്സുകളിൽ പങ്കെടുക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രഭാഷണ പരിപാടികളുടെ വിജയത്തിനായി വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. എടവണ്ണപ്പാറ ദാറുൽ അമാൻ അക്കാദമിയുടെ ജനറൽ സെക്രട്ടറിയും ജലാലിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്റായും നിലവിൽ അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കൂടാതെ ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചുവരുന്നു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സി മുഹമ്മദ് ഫൈസി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയ പണ്ഡിതരും മുൻ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസിഡന്റിന്റെ അതിഥിയായി എത്തിയിട്ടുണ്ട്.
വികസന കാര്യങ്ങളിൽ പുതിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും വിദേശീയരുടെ മത, സാംസ്കാരിക, ആത്മീയ കാര്യങ്ങളിൽ വലിയ ശ്രദ്ധ പുലർത്തുകയും മറ്റു രാജ്യങ്ങളുമായുള്ള സാംസ്കാരിക കൈമാറ്റങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന യുഎഇ യുടെ നിലപാട് വളരെ ശ്‌ളാഘനീയവും പ്രശംസനീയവുമാണ്. അത്തരമൊരു രാജ്യത്ത് വിശുദ്ധ റമളാനില്‍ പ്രസിഡന്റിന്റെ അതിഥിയായെത്തുന്നതില്‍ ഏറെ സന്തോഷവുമുണ്ടെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
Rahmatullah Sakhafi Elamaram in UAE