വടകര : ലോകമെങ്ങും ഇന്ന് ജലദിനം ആചരിക്കുകയാണ്. മാർച്ച് 22 ലോകജലദിനത്തോടനുബന്ധിച്ച് വടകര ഗുജറാത്തി എസ്.ബി സ്കൂൾ മെഹ്ഫിൽ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജലദിനം സന്ദേശവും അനുമോദന സദസും സംഘടിപ്പിച്ചു. വടകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ പരിപാടി ഉദ്ഘാടനം ചെയ്തു.


വടകര ബി.പി.സി വിനോദ് വി.വി.ജലദിന സന്ദേശം നൽകി. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തുന്ന ഇഖ്ബാൽ ഉർദു ടാലൻറ് ടെസ്റ്റ് , സ്കൂൾ കലോത്സവം , ഉർദു സോക്കർ ധമാക്ക ഫുട്ബോൾ ടൂർണ്ണമെന്റ് തുടങ്ങിയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ വെൽഫെയർ കമ്മിറ്റിയുടെ തണ്ണീർ കൂജ വിദ്യാലയങ്ങൾക്ക് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നു.
ഗുജറാത്തി എസ്.ബി സ്കൂളിലേക്കുള്ള തണ്ണീർ കൂജ സ്കൂൾ പ്രധാന അധ്യാപിക എം കെ ഷീബ ടീച്ചർ ഏറ്റുവാങ്ങി. സ്കൂൾ പിടിഎ പ്രസിഡണ്ട് സവാദ് വടകര അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് അഫ്സിന , സീനിയർ അധ്യാപിക കെ ലത സംസാരിച്ചു. ഉർദു അധ്യാപകൻ യൂനുസ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മകേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Mehfil Urdu Club handed over Thanneer Kooja