ചോറോട് : ചോറോട് എൽ.പി സ്കൂൾ പഠനോത്സവം 2023 വളരെ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ അദ്ധ്യക്ഷനും സ്വാഗതവും നന്ദിയും അവതാരകരുമെല്ലാം കുട്ടികൾ തന്നെയാണ് എന്നതാണ് ഈയൊരു പരിപാടിയെ വേറിട്ടു നിർത്തിയത്. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനുള്ള വേദിയല്ല മറിച്ച് തങ്ങൾ ക്ലാസ് മുറിയിൽ എന്ത് പഠിച്ചു എന്ന് വിവിധതരം കലാപരിപാടികളിലൂടെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുകയാണ് പഠനോത്സവംകൊണ്ട് ഉദ്ദേശിക്കുന്നത്.


സ്വാഗതം പറഞ്ഞവിദ്യാരംഗം കൺവീനർ ആയിഷയും അദ്ധ്യക്ഷയായ സ്കൂൾ ലീഡർ സാൽമിയയും നന്ദി പറഞ്ഞ ഗണിതക്ലബ് സെക്രട്ടറി പ്രണവും അവതാരകരായ ആഗ്നേയയും പരിപാടിയുടെ തനിമ ചോരാതെ അവതരിപ്പിച്ചു. മികവുറ്റ ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ചോറോട് പത്താം വാർഡ് മെമ്പറായ ഷിനിത ചെറുവോത്ത് ആണ്.പതിനൊന്നാം വാർഡ് മെമ്പറായ പ്രസാദ് വിലങ്ങിലും SSG ചെയർമാനായ സുകുമാരൻ മാസ്റ്ററും പരിപാടിക്ക് ആശംസകൾ അറിയിച്ചു.
ഈ പരിപാടിയുടെ മറ്റൊരു ആകർഷണീയത ഏകദിന പ്രവർത്തിപരിചയ ശില്പശാലയുടെ ഭാഗമായി പ്രശസ്ത പ്രവർത്തി പരിചയപരിശീലകനായ കെ.പി സുരേന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "മെഡിസിൻ കവറുകൾ" പതിനൊന്നാം വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഹമീദ് മാങ്ങോട്ട് പാറ കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി ഏറ്റുവാങ്ങി.
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സദസ്സിനു മുന്നിൽ വർണ്ണ ശഭളമായ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം തന്നെ ആയിരുന്നു.
Learning Festival 2023 Chorod L.P. School celebrated in a befitting manner