ഏറാമല: വികസന ഏടുകളിൽ പുത്തൻ അധ്യായം രചിക്കുവാൻ ഏറാമല ഗ്രാമപഞ്ചായത്ത്. കളിയാംവെള്ളി പാലത്തിന് സമീപം നിർമ്മാണം പൂർത്തിയായി വരുന്ന വഴിയോര വിശ്രമ കേന്ദ്രം അഥവാ ടേക്ക് എ ബ്രേക്ക് ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു. തിരക്കേറിയ കൈനാട്ടി- പക്രംതളം സംസ്ഥാനപാതയിൽ ദീർഘദൂരം യാത്ര ചെയ്യുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും ഇത്.


ഒന്നാം ഘട്ടത്തിൽ 17 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി ചെലവഴിച്ചത്. കുടിവെള്ള പൈപ്പ് ലൈൻ, പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഇടം, കിണർ,ചുറ്റുമതിൽ, ഗേറ്റ്, മിനുക്ക് പണികൾ, പെയ്ന്റിംഗ്,ഇലക്ട്രിക്കൽ ജോലി ഉൾപ്പെടെ പൂർത്തിയായി. വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഉദ്ഘാടനം ചെയ്യുമെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്.
ആകെ നിർമ്മാണത്തിനായി 25 ലക്ഷം രൂപയാണ് ചെലവായത്. പുതിയ ഏറാമല ഗ്രാമപഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറിയതിനു ശേഷം വികസന അധ്യായങ്ങളിൽ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ്. മേഖലയിൽ തന്നെ ആദ്യ ടേക്ക് എ ബ്രേക്ക് സംവിധാനമാണ് ഏറാമലയിൽ ഒരുങ്ങുന്നത്. ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് വാഹന യാത്രക്കാരും, ഒപ്പം നാട്ടുകാരും.
A roadside rest center is all set to be inaugurated at Eramala