വടകര: പുണ്യ റമദാനിലെ ആദ്യ വെള്ളിയാഴ്ച തന്നെ വിശ്വാസികളെ കൊണ്ട് പള്ളികൾ നിറഞ്ഞു കവിഞ്ഞു. വടകരയിലെ പ്രധാനപ്പെട്ട മസ്ജിദുകൾ, സെന്ററുകളിലുമായാണ് വിശ്വാസികൾ ജുമുഅ പ്രാർത്ഥനക്കായി എത്തിയത്. നഗരമായതുകൊണ്ട് വിശ്വാസികൾ കൂട്ടത്തോടെ എത്തുമെന്ന് പ്രതീക്ഷിച്ച് വടകരയിലെ പള്ളി കമ്മിറ്റികൾ മുന്നൊരുക്കങ്ങൾ നടത്തി.


മലയാളികൾക്ക് പുറമേ പ്രാർത്ഥനക്കായി അതിഥി തൊഴിലാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ജുമുഅ പ്രാർത്ഥനക്കു ശേഷം വൃതാനുഷ്ഠാനം കേവലം അന്ന പാനീയങ്ങൾ വെടിയലല്ല മറിച്ച്, മനുഷ്യന്റെ മാനസികമായുള്ള സംസ്കാര ചൈതന്യത്തെ വീണ്ടെടുക്കുക എന്നതാണെന്ന് ഖത്തീബുമാർ ഓർമ്മപ്പെടുത്തി.
സാധാരണഗതിയിൽ റമദാൻ മാസത്തിൽ 4 വെള്ളിയാഴ്ചയാണ് ഉണ്ടാവുക. ഇത്തവണ അഞ്ചു വെള്ളിയാഴ്ച ഉണ്ടാകുമെന്നത് വിശ്വാസികൾക്ക് കൂടുതൽ ആഹ്ലാദം പകരുന്നതാണ്. കഴിഞ്ഞുപോയ കാലത്തെ ജീവിത പാപക്കറകൾ മാറ്റി കറകളഞ്ഞ പുതിയൊരു മനുഷ്യനാവുക എന്നതാണ് റമദാന്റെ സന്ദേശം.
റമദാൻ പിറന്നതിനുശേഷം വൈകുന്നേരങ്ങളിൽ വിപണികളും സജീവമായിട്ടുണ്ട്. എണ്ണക്കടി പലഹാരങ്ങൾ വാങ്ങുവാൻ ജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ റമദാൻ പ്രഭാഷണങ്ങൾ, മത മൈത്രിയുടെ ഉത്തമ ഉദാഹരണങ്ങളായ സമൂഹ നോമ്പ് തുറ ഉൾപ്പെടെയുള്ളവ ഉണ്ടാകും.
First Friday of Ramadan