വടകര: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രസർക്കാർ നീക്കം ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്ന് ആർ.എം.പി.ഐ. സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ പാർലമെൻ്റ് അംഗത്വത്തിൽ നിന്നും അയോഗ്യമാക്കിയ കേന്ദ്ര സർക്കാർ നടപടി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൻ്റെ അന്ത്യം കുറിക്കുമെന്ന് ആർ.എം.പി.ഐ സംസ്ഥാന പ്രസിഡണ്ട് ടി.എൽ സന്തോഷ്, സെക്രട്ടറി എൻ വേണു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുകയും ഭരണകൂടത്തിൻ്റെ കോടാലിയായി മാറുകയും ചെയ്യുന്നുവെന്ന സമീപകാല ആരോപണങ്ങളെ ശരിവെക്കുന്നതാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സൂചിപ്പിക്കുന്നത്. ഒരു പൊതുയോഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യം മുൻനിർത്തി കൊണ്ട് നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചു കൊണ്ട് ബി.ജെ.പി നേതാവ് കൊടുത്ത കേസും അതിൻ്റെ നടത്തിപ്പും സൂചിപ്പിക്കുന്നത് ജുഡീഷ്യറിയെ എത്രമാത്രം സ്വാധീനിച്ചു എന്നതാണ്.
മോദിയുടെ ഫാസിസ്റ്റ് ഏകാധിപത്യത്തിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തുന്ന നേതൃത്വം എന്ന നിലയിൽ രാഹുലിനെ പൂട്ടുക എന്നത് മോദിയുടെയും കൂട്ടാളികളുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കോടതിലക്ഷ്യ കേസുകളിൽ പോലും ലളിതമായ ശിക്ഷ നൽകി തിരുത്താൻ ശ്രമിക്കുന്ന സുപ്രീം കോടതിയുടെ ഉൾപ്പെടെ നിരവധി വിധികൾ രാജ്യത്ത് ഇതിനകം ഉണ്ടായിട്ടുണ്ട്.
ഇതിൽ നിന്നാകെ വ്യത്യസ്ഥമായി പരമാവധി ശിക്ഷയെന്ന രണ്ട് വർഷം ശിക്ഷ ഉറപ്പു വരുത്തിയ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി രാഹുലിൻ്റെ പാർലമെൻ്റ് അംഗത്വം തന്നെ നഷ്ടപ്പെടണം എന്ന ഉദ്ദേശത്തോടെയാണോയെന്ന് കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി ജനങ്ങൾ സംശയിക്കുകയാണ്. ഇത്തരം ഭരണകൂട പ്രീണന വിധികൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അന്ത്യം കുറിക്കുമെന്നും ഫാസിസ്റ്റ് ഗൂഡാലോചനക്കെതിരെ ശക്തമായ ബഹുജന രാഷ്ട്രീയ ഐക്യനിര കെട്ടിപ്പടുക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
The move against Rahul Gandhi is the end of democracy - RMPI