വടകര: വ്യക്തി വൈരാഗ്യത്തിന്റെയും, രാഷ്ട്രീയ വെറുപ്പിന്റെയും പേരിൽ കൃഷി നശിപ്പിക്കുന്നത് നാട്ടിൽ നിത്യസംഭവമാകുന്നു. കഴിഞ്ഞദിവസം കടമേരിയിലെ കുറ്റിവയൽ പ്രദേശത്ത് വീണ്ടും പച്ചക്കറി കൃഷി നശിപ്പിച്ചു. എടക്കണ്ടി വിജയൻ ,നാലുപുരക്കൽ ശ്രീജേഷ് എന്നിവർ കൃഷി ചെയ്ത കയ്പ, വെള്ളരി, കുമ്പളം, ചീര എന്നിവയാണ് വെട്ടിനശിപിച്ചത്. കുറച്ച് ദിവസം മുമ്പേ കുടുബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയും നശിപ്പിക്കപ്പെട്ടിരുന്നു.


ജനുവരി പതിനഞ്ചാം തീയതി അഴിയൂർ കോറോത്ത് റോഡിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിയൂർ കോറോത്ത് റോഡ് കുന്നത്തു താഴെ ജി.പി പ്രകാശന്റെ ഉടമസ്ഥതയിലുള്ള 70 സെൻറ് സ്ഥലത്തിൽ നിന്നും 65 ഓളം തെങ്ങിൻ തൈകൾ വെട്ടി നശിപ്പിച്ചിട്ടുണ്ടായിരുന്നു. അന്ന് പുതിയ ഇനം തെങ്ങിൻ തൈകൾ കട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മുറിച്ചുമാറ്റിയത്. പൊതുവേ കാർഷിക വിളകളോടും കൃഷി ഉൽപ്പന്നങ്ങളോടും എന്നും ബഹുമാനം ആദരവും കാണിക്കുന്നവരാണ് സമൂഹം.
പക്ഷേ ഇത്തരത്തിലുള്ള കൊടും ക്രൂരതകൾ പ്രകൃതിയോട് കാണിക്കുന്നത് അങ്ങേയറ്റം വിരോധാഭാസമാണ്. ശക്തമായ നിയമ നടപടികൾ ഇല്ലാത്തതിന്റെ അപാകതയാണ് ഇതിന് പ്രധാന കാരണം. കൃഷി ചെയ്ത് പാകപ്പെടുത്തിയ ഉത്പന്നം തീൻ മേശയിൽ എത്തണമെങ്കിൽ ആദ്യമേ,വിത്തു പാകി, നനച്ച് വളമിട്ട് വലുതാക്കി കായ്കനികൾ ഫലങ്ങൾ ലഭ്യമാകണമെങ്കിൽ അതിന് ഒത്തിരി സമയം കാത്തിരിക്കണം. കൃഷി നമ്മുടെ ആഹാരമാണ്.
കൃഷിയോടുള്ള സ്നേഹം മനുഷ്യന് നഷ്ടപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമങ്ങൾ വടകര മേഖലയിൽ വർദ്ധിക്കുന്നത്. വടക്കെന്നോ കിഴക്കെന്നോ വ്യത്യാസമില്ലാതെ വടകര മേഖലയുടെ സമസ്ത പ്രദേശങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Destruction of crops is a daily occurrence