ഒഞ്ചിയം: കണ്ണൂക്കര-വെള്ളികുളങ്ങര റോഡിലെ കല്യാണി മുക്കിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചിരുന്നു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന് പിന്നിലിരുന്ന എടച്ചേരി തലായി സ്വദേശിയായ കള്ളികൂടത്തിൽ വിജീഷ് (38 ) മരിക്കുകയായിരുന്നു.


കണ്ണൂക്കര ഒഞ്ചിയം റോഡ് വീതി കൂട്ടി ടാർ ചെയ്തതിന് ശേഷം വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് പതിവാണ്. കല്യാണി മുക്ക് ഉൾപ്പെടെയുള്ള കൊടും വളവുകളും ഈ റോഡിലെ പ്രത്യേകതയാണ്. വളവുകളില്‍ വേഗത കുറച്ച് സഞ്ചരിക്കണമെന്ന് ബോധ്യമുണ്ടെങ്കിൽ ചില ഘട്ടങ്ങളിൽ ഇത് ലംഘിക്കപ്പെടുന്നു. വളവുകളിൽ റോഡ് മാർക്കിങ്ങിനുപരി ഡിവൈഡറുകൾ തന്നെ സ്ഥാപിക്കേണ്ടത്, അപകടം കുറക്കാൻ അത്യാവശ്യമാണ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പുത്തൻ വാഹനങ്ങളിൽ മിക്കതും കൂടുതൽ സി.സി പ്രദാനം ചെയ്യുന്ന വാഹനങ്ങളാണ്. കൂടുതൽ വേഗതയും കരുത്തുമുള്ള ഇത്തരം വാഹനങ്ങളിൽ സ്പീഡ് ഗവർണർ സംവിധാനം ഉൾപ്പെടെ സ്ഥാപിക്കുവാൻ അധികൃതർ തയ്യാറാകണം. ബൈക്ക് യാത്രക്കാരിൽ അമിത വേഗത മൂലം കൂടുതൽ അപകടം സംഭവിക്കുന്നത് പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട എടച്ചേരി തലായി സ്വദേശിയായ വിജീഷ് കുടുംബത്തിന്റെ അത്താണിയായിരുന്നു. രണ്ട് സഹോദരിമാരും മാതാപിതാക്കളും അടങ്ങുന്നതായിരുന്നു വിജീഷിന്റെ കുടുംബം.
കുടുംബത്തിന്റെ അത്താണിയായ ഈ 38 കാരൻറെ വിയോഗം സ്വദേശമായ തലായിയെയും, കുടുംബത്തെയും കണ്ണീരിലാഴ്ത്തി. അപകടങ്ങളും, മരണങ്ങളും മാത്രം സംഭവിക്കുമ്പോൾ അധികൃതർ ഉണർന്നിട്ട് കാര്യമില്ല. ഓരോ പ്രദേശത്തെയും അപകടമായ സ്ഥലങ്ങളുടെയും, റോഡുകളെയും കുറിച്ചുള്ള വിശദമായ ചർച്ച ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ട്രാഫിക് പോലീസിന്റെയും സാന്നിധ്യത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ക്രിയാത്മകമായ ചർച്ചകളും പരിഹാരങ്ങളും ഉണ്ടെങ്കിലും മാത്രമേ ഇത്തരത്തിലുള്ള ദാരുണമായ അപകടങ്ങൾ തുറക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.
The need for a divider is getting stronger