വടകര : തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ വടയക്കണ്ടി നാരായണന് സംസ്കാരവേദി അവാർഡ് സമ്മാനിച്ചു. അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, കവി, ഗ്രന്ഥ കർത്താവ് എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡ്. കോട്ടയം കെ എം മാണി ഭവനിൽ നടന്ന പരിപാടി ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്ത്, ഉപഹാരം കൈമാറി.


സംസ്കാര വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് മുഖ്യാതിഥിയായി. മനോജ് മാത്യു, പയസ് കുര്യൻ, ബാബു ടി ജോൺ, സാബു ഡി മാത്യു തുടങ്ങിയവർ സംസാരിച്ചു. 33 വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ പരിസ്ഥിതി വിദ്യാഭ്യാസത്തിന് ഏറെ സംഭാവനകൾ ചെയ്ത ആളാണ് നാരായണൻ.
തിരുവള്ളൂർ പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങളും സേവ് എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ കോ -ഓർഡിനേറ്റർ എന്ന നിലയിൽ ചെയ്ത പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. നിരവധി കവിതകൾ രചിച്ച് യുട്യൂബിൽ പ്രകാശനം ചെയ്തു. സേവിൻ്റെ പ്രവർത്തനങ്ങളെ അധികരിച്ച് 'സേവ് പരിസ്ഥിതി പഠനത്തിന് ഒരാമുഖം' എന്ന പേരിൽ ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
'Samskara Vedi Award 2023' presented to Vadayakandi Narayan