വടകര: (vatakaranews.in)മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ചാന്ദ്രദിനാഘോഷം പ്രശസ്ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ പി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ച് പ്രദീപ് സർ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികളുമായി സംവദിച്ചു.
അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശരംഗത്തെ പുരോഗതിയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സും എടുത്തു. വടകര മേപ്പയിൽ ജനതാറോഡ് സ്വദേശിയായ പി പ്രദീപ്കുമാർ ഇപ്പോൾ തിരുവനന്തപുരം ISRO യിൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് സൈന്റിഫിക് പേലോഡ് സെക്ഷന്റെ തലവനായി ജോലി ചെയ്യുന്നു.
വടകരയിലെ പൊതുവിദ്യാലയങ്ങളിലും, മടപ്പള്ളി കോളേജിലും പഠിച്ച ഇദ്ദേഹം ഇപ്പോൾ ISRO യിലെ സുപ്രധാന ശാസ്ത്രജ്ഞനാണ്. ചാന്ദ്രയാൻ 1 മുതൽ ചാന്ദ്രയാൻ 3 വരെ എത്തി നിൽക്കുന്ന ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കോർ ടീം അംഗമാണ് ഇദ്ദേഹം.
ചന്ദ്രനിലെ ജലത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ചാന്ദ്രയാൻ 1 ലെ ചെയ്സ് എന്ന സുപ്രധാന ഉപകരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. ഇതുപോലെ ഇന്ത്യയുടെ മംഗൾയാൻ പദ്ധതിയിലും ഇദ്ദേഹം നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. 35 വർഷം ബഹിരാകാശഗവേഷണ രംഗത്ത് പരിചയം ഉള്ള ഇദ്ദേഹത്തിന്റെ പേരിൽ സോളാർ റേഡിയോ മീറ്റർ എന്ന ഉപകരണത്തിന്റെ പേറ്റന്റും ഉണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യ ഡോ.ശ്രീലതയും ISRO യിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. ഇത്രയും പ്രധാനപ്പെട്ട ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രഞ്ജനുമായി സംവധിക്കാൻ മേമുണ്ട സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത് പുതിയ അനുഭവമായി. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് അധ്യക്ഷത വഹിച്ചു.
സയൻസ് ക്ലബ്ബ് കൺവീനർ പി കെ സന്തോഷ് സ്വാഗതവും, ക്ലബ്ബ് സിക്രട്ടറി ദേവതീർത്ഥ നന്ദിയും പറഞ്ഞു. അധ്യാപകരായ എം കെ അജിത, പി കെ ജയറാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് മേമുണ്ട സ്കൂളിൽ സംഘടിപ്പിച്ചത്.
ചാന്ദ്രദിനത്തിൽ മേമുണ്ട സ്കൂളിൽ ചാന്ദ്ര മനുഷ്യരിറങ്ങി. ബഹിരാകാശ യാത്രികരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൻഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായി വേഷമിട്ട വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സിലും എത്തി കുട്ടികളുമായി ബഹിരാകാശ യാത്രയുടെ അനുഭവങ്ങൾ പങ്കുവച്ചു. ചാന്ദ്രദിന ക്വിസ്സ്, അമ്പിളിപ്പാട്ടുകൾ, ചാന്ദ്രദിന പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രദർശനം എന്നിങ്ങനെ വ്യത്യസ്തമാർന്ന നിരവധി പരിപാടികൾ ചാന്ദ്രദിനത്തിന്റെ ഭാഗമായി അരങ്ങേറി.
#MemundaHigherSecondarySchool #LunarDayCelebration with #Astronaut