---
title: "കൃഷ്‌ണേട്ടന്റെ വേര്‍പാട് മേമുണ്ടക്ക്  തീരാദുഖമായി "
english_title: "Malayantavida Krishnan Memunda, who left unexpectedly yesterday, and the Congress movement lost their lives."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14004/malayantavida-krishnan-memunda-who-left-unexpectedly-yesterday-and-the-congress-movement-lost-their-lives"
published_at: "2021-12-02T12:56:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8753913217_mullapalli ramachadran.jpg"
keywords: []
---

# കൃഷ്‌ണേട്ടന്റെ വേര്‍പാട് മേമുണ്ടക്ക്  തീരാദുഖമായി 

> **Lead Summary:** വടകര : കോണ്‍ഗ്രസ് രാഷ്ട്രീയം നെഞ്ചോടുചേര്‍ത്ത പൊതു പ്രവര്‍ത്തകന്‍, രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും കരുതലേകിയ മനുഷ്യസ്‌നേഹി. ഇന്നലെ അപ്രതീക്ഷിതമായി വിടപറഞ്ഞ മലയന്റവിട കൃഷ്ണന്‍ മേമുണ്ടയ്ക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമായി.

## Article Content

വടകര : കോണ്‍ഗ്രസ് രാഷ്ട്രീയം നെഞ്ചോടുചേര്‍ത്ത പൊതു പ്രവര്‍ത്തകന്‍, രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും കരുതലേകിയ മനുഷ്യസ്‌നേഹി. ഇന്നലെ അപ്രതീക്ഷിതമായി വിടപറഞ്ഞ മലയന്റവിട കൃഷ്ണന്‍ മേമുണ്ടയ്ക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും തീരാനഷ്ടമായി.

തെങ്ങുകയറ്റ തൊഴിലാളിയായ ഇദ്ദേഹം തെങ്ങില്‍നിന്ന് വീണുമരിച്ചെന്ന വാര്‍ത്ത ഒരു നാടിനെയാകെ തീരാദുഖത്തിലാഴ്ത്തി. മേമുണ്ട ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അടിയുറച്ച കോണ്‍ഗ്രസുകാരനായി. തിരഞ്ഞെടുപ്പുകാലത്തും മറ്റുമെല്ലാം കോണ്‍ഗ്രസിന്റെ പ്രദേശത്തെ ഊര്‍ജസ്വലനായ സംഘാടകനായിരുന്നു കൃഷ്‌ണേട്ടന്‍.

രാവിലെ കൈലിയുടുത്ത് തോര്‍ത്തും തലയില്‍കെട്ടി സാധാരണ തൊഴിലാളിയായി ഏണിയുമെടുത്ത് പോകുന്ന കൃഷ്‌ണേട്ടന്‍ നാട്ടുകാര്‍ക്കെല്ലാം സുപരിചിതനാണ്. അല്ലാത്തസമയത്ത് ഖദറാണ് വേഷം. നാട്ടിലെ എല്ലാ പൊതുകാര്യങ്ങളിലും ഇദ്ദേഹം മുന്നില്‍ത്തന്നെയുണ്ടാകും. രാഷ്ട്രീയത്തിനതീതമായി വലിയൊരു സൗഹൃദവലയത്തിനും ഉടമയാണ്. മരണവാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ മേമുണ്ടയിലെ വസതിയിലെത്തി. മേമുണ്ട കോണ്‍ഗ്രസ് ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. 

കെ.പി.സി.സി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ. രമ എം.എല്‍.എ., മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള, വൈസ് പ്രസിഡന്റ് പി.കെ. മുരളി, ബ്ലോക്ക് മെമ്പര്‍മാരായ പി.സി. ഷീബ, സുബീഷ് പുതിയെടുത്ത്, എം.കെ. റഫീഖ്, സി.പി. വിശ്വനാഥന്‍, കോണ്‍ഗ്രസ് നേതാക്കളായ ഐ. മൂസ, അച്യുതന്‍ പുതിയെടുത്ത്, കാവില്‍ രാധാകൃഷ്ണന്‍, എടവത്തുകണ്ടി കുഞ്ഞിരാമന്‍, നല്ലാടത്ത് രാഘവന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14004/malayantavida-krishnan-memunda-who-left-unexpectedly-yesterday-and-the-congress-movement-lost-their-lives)