വടകര : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൽ നിന്ന് ഒരേ ദിവസം ഡോക്ടറേറ്റ് സ്വന്തമാക്കി വടകര സ്വദേശികൾ . ഒരേ നാട്ടുകാരായ ഭാര്യയും ഭർത്താവും ഒരേ ദിവസം ഒരേ സ്ഥാപനത്തിൽ നിന്ന് വ്യത്യസ്ത വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടി പുറത്തിറങ്ങിയിരിക്കുകയാണ്.


മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനിയറങ്ങിലാണ് പ്രിയേഷ് ഡോക്ടറേറ്റ് നേടിയത്. കവിത ബയോമെട്രിക്കൽ ഡിവൈസ് ആൻഡ് ടെക്നോളജിയിലും. കെടി ബസാർ സ്വദേശിനിയാണ് കവിത. മടപ്പള്ളി ഹൈ സ്കൂളിൽ പ്രസ്ടുവിന് ഒരുമിച്ചാണ് ഇരുവരും പഠിച്ചത്.
അന്നുമുതൽ പരിചയമുണ്ട്. പിന്നാലെ ബിടെക്കിന് പഠനം രണ്ട് കോളേജുകളിലായിരുന്നു. തലശ്ശേരി എഞ്ചിനിയറിങ് കോളേജിലാണ് പ്രിയേഷ് പഠനം തുടർന്നത്. കവിത കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലും. ബിടെക്കിന് ശേഷം ഇരുവരും ഒരുമിച്ചാണ് ഐഐടി മദ്രാസിൽ പിഎച്ച്ഡിക്ക് ചേർന്നത്.
ഇതിനിടയിൽ അപ്രതീക്ഷിതമായി കൊവിഡ് എത്തി. ഒരുമിച്ച് തന്നെ തിരിച്ച് നാട്ടിലെത്തി. ഇതിനിടെ 2020-ലായിരുന്നു ഇരുവരും വിവാഹിതരായത്. നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ വലിയ സന്തോഷമെന്ന് പ്രിയേഷ് പറഞ്ഞു. വലിയ കാര്യമാണ് എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എനിക്ക് വലിയ നേട്ടം തന്നെയാണ്.
ഒപ്പം കവിതയും ഡോക്ടറേറ്റ് നേടുമ്പോൾ അത് ഇരട്ടി സന്തോഷമുണ്ടാക്കുന്നുണ്ട്. വ്യത്യസ്ത വഷയങ്ങളാണെങ്കിലും പിഎച്ച്ഡി വിഷയങ്ങളിൽ പരസ്പരം ചർച്ചകൾ ചെയ്യാറുണ്ടായിരുന്നു. പരസ്പരമുള്ള സഹകരണത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്ന് അറിയാം.
ഒപ്പം ഏറെ സഹായം ചെയ്ത അധ്യാപകരെ മറക്കാനാവില്ല. ഒത്തിരി പേരുകളുണ്ട്. ആരെയും എടുത്തുപറയുന്നില്ല. അവരോടെല്ലാം ഏറെ നന്ദിയുണ്ട്. പിന്നെ സഹോദരന്മാരും കുടുംബവും നൽകിയ പിന്തുണ അത്രയും വലുതായിരുന്നുവെന്നും പ്രിയേഷ് പറഞ്ഞു.
കവിതയ്ക്കും പറയാനുള്ളത് മറ്റൊന്നല്ല. പ്രിയേഷിനൊപ്പം വീട്ടുകാരും നൽകിയ വലിയ പിന്തുണയെ കുറിച്ചായിരുന്നു. ചേച്ചിയും അവരുടെ ഭർത്താവും നൽകിയ പിന്തുണ എടുത്തു പറയുകയും ചെയ്തു. ഇരുവരും എൻസിഎല്ലിൽ പിഎച്ച്ഡി ചെയ്യുകയാണെന്നും എല്ലാവരോടും ഏറെ നന്ദിയെന്നും പറഞ്ഞു നിർത്തുകയാണ് കവിത.
പരേതരായ വെളുമ്പൻ ഗോവിന്ദന്റെയും കമലയുടെയും മകൾ ആണ് കവിത ഇല്ലത്ത്. വടകര ചോമ്പാല പാറേമ്മൽ രാഘവൻ പ്രമീള ദമ്പതികളുടെ മകനാണ് പ്രിയേഷ്.
#Proudmoment #Vadakara #doctorates #IITMadras