വടകര: ( vatakaranews.in ) ശക്തമായ പനിയെത്തുടന്നുള്ള ചികിത്സക്കിടയിൽ മരിച്ച വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പളിക്കുനിൽ ഹാരിസ് (40 ) ന്റെ മൃതദേഹം നിപ പരിശോധന ഫലം വന്ന ശേഷം സംസ്കരിക്കും.


ഇന്നലെ രാത്രി എട്ടേ മുപ്പതോടെയാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് ഹാരിസ് മരിക്കുന്നത്. ഇതേത്തുടർന്ന് നടത്തിയ വൈറസ് പരിശോധന പോസ്റ്റിറ്റീവ് ആയതെന്നാണ് സൂചന.
നിപ ബാധ സംശയത്താൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നുള്ള സ്രവം പൂനെ വൈറോളജി ഇൻസ്ടിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ പ്രോട്ടോകോൾ പ്രകാരമാണ് ഹാരിസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്ന് വൈകിട്ട് പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ സംസ്കാര നടപടികൾ ആരംഭിക്കുകയുള്ളുയെന്ന് ബന്ധുക്കൾ അറിയിച്ചു.
ഖത്തറിൽ ജോലി ചെയ്യുന്ന ഹാരിസ് അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത് . ഈ വരുന്ന 23 ന് ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അവസാന വാരം ഭാര്യ പിതാവിന്റെ ചികിത്സാർത്ഥം അദ്ദേഹത്തിനോടൊപ്പം ഹാരിസ് കോഴിക്കോട് ഇക്ര ആശുപത്രിയിൽ പോയിരുന്നു . ഈ സമയം പനി ബാധിതനായി അവശനായി ഇവിടെയെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദലി (45) ക്ക് ആശുപത്രിയിൽ വെച്ച് ഹാരിസ് സഹായം ചെയ്തതായി ബന്ധുക്കൾ പറയുന്നു.
കടുത്ത പനിബാധിതനായ മുഹമ്മദലി ഇക്കഴിഞ്ഞ 30 - ന് മരിച്ചിരുന്നു . മുഹമ്മദലിയുടെ ഒൻപത് വയസ്സുള്ള മകൾ പെൺകുട്ടിയും നാല് വയസ്സുള്ള ആൺകുട്ടിയും ഇപ്പോൾ ചികിത്സയിലാണ്.
ഈ കഴിഞ്ഞ എട്ടാം തീയ്യതിയാണ് ഹാരിസ് പനി ബാധിതനായത് . പനി ബാധിതനായ ഹാരിസ് ഇക്കഴിഞ്ഞ എട്ടി ന് ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
പനി കുറവുണ്ടെങ്കിലും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ഒൻപതാം തീയതിയും പത്താം തീയതിയും വില്യാപള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തി . ഇവിടെ നിന്നും നടത്തിയ ഡെങ്കി , ചിക്കുൻഗുനിയയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
ശക്തമായ ശ്വാസതടസത്തെ തുടർന്നാണ് ഇവിടെ നിന്ന് രാത്രി 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചത് . ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 8 :30 യോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ മമ്പളിക്കുനി മൊയ്‌ദീൻകുട്ടി ഹാജിയുടെ മകനാണ് ഹാരിസ് . ഭാര്യ : അസ്മ, മക്കൾ : യാഫിസ് സഹറാൻ, മുഹമ്മദ് സഹറാൻ, ഫാത്തിമ സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, നാസർ, മാമി.
#nipah #alert #harris #funeral #adakara #results #postmortem