ആയഞ്ചേരി: ( vatakaranews.in ) മംഗലാട് നിപ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട മമ്പിളിക്കുനി ഹാരിസിൻ്റെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു.


കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോഡിനേറ്റർ ഡോ. ബിന്ദു, ഡോ. രജസി, ഡോ: കെ. വി. അമൃത, ഡോ. സാജൻ എന്നിവരടങ്ങുന്ന സംഘമാണ് മരണ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചത്.
വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി വവ്വാലുകൾ കടിച്ച അടക്കകളും മറ്റു പഴ വർഗ്ഗങ്ങളും സംഘം ശേഖരിച്ചു. വവ്വാലുകൾ കടിച്ച പഴങ്ങൾ, അടക്കകൾ തുടങ്ങിയവ സ്പർശിച്ചാൽ കൈകൾ ഉടൻ സോപ്പിട്ട് കഴുകണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു.
പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, ഹെൽത്ത് ഇൻസ്പെക്ടർ പി.സജീവൻ, ജെ.എച്ച്.ഐ. സന്ദീപ് കുമാർ എന്നിവരുമായി സംഘം ആശയ വിനിമയം നടത്തി. അതോടൊപ്പം പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച 2,3,13,14 വാർഡുകളിലെ വീടുകളിൽ കയറിയുള്ള സർവ്വെ ആരംഭിച്ചു.
ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവര ശേഖരണം നടത്തിയത്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി അവരെ ഹോം ക്വാറന്റെയിനിൽ നിൽക്കാനും ചുമ, പനി, ഛർദ്ദി, തലകറക്കം പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവർക്കും ഹോം ക്വാറന്റയിനിൽ കഴിയുന്നവർക്കും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ വാർഡ് മെമ്പർമാരെയോ ആരോഗ്യ പ്രവർത്തകരെയോ പഞ്ചായത്ത് കൺട്രോൾ റൂമിലോ ബന്ധപ്പെടാനും നിർദ്ദേശിച്ചു.
സർവ്വെയ്ക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാർ അഷ്റഫ് വെള്ളിലാട്ട്, വാർഡ് മെംബർമാരായ എ.സുരേന്ദ്രൻ, എൻ.പി.ശ്രീലത, ടി. സജിത്ത്, പി.രവീന്ദ്രൻ, ആർ.ആർ.ടി. വളണ്ടിയർമാർ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
#nipah #death #health #department #officials #visited #place