ആയഞ്ചേരി: ( vatakaranews.in ) ആയഞ്ചേരി മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാത്തത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നു. ഡോക്ടർ സ്ഥലം മാറിപ്പോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. എന്നിട്ടും പകരം നിയമനം നടത്താത്തതുമൂലം ആയഞ്ചേരി മൃഗാശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.


നിപയിൽ ഭീതി പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു വവ്വാൽ, നായ് എന്നിവ ചത്തിരുന്നു. ഇത് ജനങ്ങൾക്കിടയിൽ കൂടുതൽ ഭയം ഉണ്ടാക്കുന്നു. നിലവിലെ ഡോക്ടർ സ്ഥലം മാറിപ്പോയിട്ട് എട്ടുമാസമായി.
അടുത്തുള്ള പഞ്ചായത്തായ പുറമേരി മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് ഇപ്പോൾ അധിക ചുമതല നൽകിയിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മൃഗാശുപത്രിയിൽ ഡോക്ടർ എത്തുന്നത്. അതിനാൽ തന്നെ പലപ്പോഴും ഡോക്ടറെ കാണാനാകാതെ ആശുപത്രിയിൽ എത്തുന്നവർ നിരാശരായി തിരിച്ചുപോകേണ്ടി വരുകയാണ്.
നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള കെട്ടിടമാണ് ആശുപത്രിക്കുള്ളത്. ആയഞ്ചേരി, മംഗലാട്, പൈങ്ങോട്ടായി, കീരിയങ്ങാടി, തറോപ്പൊയിൽ, കടമേരി, കല്ലേരി എന്നിവിടങ്ങളിലുള്ള ക്ഷീരകർഷകരാണ് പ്രധാനമായും ആശുപത്രിയിൽ എത്തുന്നത്. പശുക്കൾക്ക് അകിടുവീക്കം വ്യാപകമായതോടെ ക്ഷീരകർഷകർ കിലോമീറ്ററുകൾ സഞ്ചരിച്ച് വടകര, തോടന്നൂർ മൃഗാശുപത്രികളിൽ പോയി ചികിത്സ തേടേണ്ടി വരുകയാണ് ഇപ്പോൾ.
സ്ഥിരം വെറ്ററിനറി സർജനെ ആയഞ്ചേരി പഞ്ചായത്ത് മൃഗാശുപത്രിയിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, വാർഡ് അംഗങ്ങളായ നെല്യാട്ടുമ്മൽ ഹമീദ്, അശ്റഫ് വെള്ളിലാട്ട് എന്നിവർ മാസങ്ങൾക്കു മുമ്പ് മൃഗസംരക്ഷണ മന്ത്രി, ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിന് പരിഹാരമായിട്ടില്ല. ഇവിടുത്തെ ക്ഷീരകർഷകർ ഏറെ ബുദ്ധിമുട്ടുന്നതിനാൽ പെട്ടെന്ന് ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
#no #doctor #ayanchery #panchayat #veterinary #hospital