വടകര:(vatakara.truevisionnews.com)ഗതാഗതത്തിന് തുറന്നു കൊടുത്ത ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ.
മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ മൺ തിട്ടയിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.തുടർന്ന് ബലപ്പെടുത്തുന്ന പ്രവൃത്തികൾ നിലച്ചിരിക്കുകയാണ്.
ഇടിയാതിരിക്കാൻ നെറ്റ് സ്ഥാപിച്ചപ്പോൾ ഇവിടെ നേരത്തെ മണ്ണ് ഇടിഞ്ഞ് താഴേക്ക് പതിച്ചിരുന്നു.ആ ഭാഗം ബലപ്പെടുത്തുന്നതിനായി കോൺക്രീറ്റ് ഭിത്തി പണിതിരുന്നു. അതിനു സമീപത്താണ് വലിയ രീതിയിൽ വിള്ളൽ ഉണ്ടായത്.
ജനവാസ കേന്ദ്രമായതിനാൽ ഒട്ടേറെ വീടുകൾ ഇവിടെയുണ്ട്. ഭീതിയോടെയാണ് കുടുംബങ്ങൾ കഴിയുന്നത്. ഉയർന്ന ഭാഗം ബലപ്പെടുത്തുന്നതിന് നെറ്റ് സ്ഥാപിച്ചു തുടങ്ങിയെങ്കിലും അത് പൂർണമായിട്ടില്ല.
നിർമാണം പൂർത്തിയായ സാഹചര്യത്തിൽ നേരത്തെ നടന്നതു പോലെ ദ്രുതഗതയിലുള്ള പ്രവർത്തനമല്ല ഇപ്പോഴെന്നും പരാതിയുണ്ട്.
ഉയർന്ന ഭാഗത്ത് നെറ്റ് സ്ഥാപിച്ച ശേഷം കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി അതിൽ കോൺക്രീറ്റ് മിശ്രിതം നിറച്ച് വലിയ കമ്പികൾ അടിച്ചു കയറ്റിയാണ് ബലപ്പെടുത്തിയിരുന്നത്.
ഈ പ്രവൃത്തി മൂരാട് പാലം ഭാഗത്തു നിന്നാണ് ആരംഭിച്ചത്. അതിനിടയിലാണ് മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ചെറിയ ഭാഗത്ത് മാത്രം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി പണിതെങ്കിലും മറ്റ് ഭാഗങ്ങളിലില്ല.
ഈ റീച്ചിലെ ഏക ഉയരമുള്ള പ്രദേശമാണിത്. ഈ ഭാഗം ബലപ്പെടുത്തണമെന്നാണ് ആവശ്യം.
#Landslide #higher #part #Palolipalam #Muradu #bridge #reach #national #highway