വടകര : (vatakara.truevisionnews.com)തിരുവള്ളൂർ പഞ്ചായത്തിൽ കളിസ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ എൽ.ഡി.എഫ് വനിതാ പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
എൽ.ഡി.എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവള്ളൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗത്തിനിടെയാണ് എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചത്.
എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി സഫീറ, 14-ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉൾപ്പെടെ 10 പേർക്കെതിരെ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.
ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ കളിക്കളത്തിനായി സെന്റിന് 61,000 രൂപ വിലയിൽ 90 സെൻ്റ് വാങ്ങിയത് സുതാര്യമായില്ല എന്നാണ് എൽ.ഡി.എഫ് ജനപ്രതിനിധികൾ ആരോപിക്കുന്നത്.
പഞ്ചായത്തിലെ കുനിവയലിൽ സെൻ്റിന് 40,000 രൂപ വിലയിൽ ഭൂമി വാഗ്‌ദാനം ചെയ്‌ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാനോ തയ്യാറായില്ല. പകരം ചില സ്ഥല കച്ചവടക്കാരുടെ ഏജൻറുമാരായി ഭരണനേതൃത്വം മാറിയതായും എൽ.ഡി.എഫ് ആരോപിക്കുന്നുണ്ട്.
#protest #strong #demonstration #public #meeting #today #incident #LDF #women #panchayat #members #being #attacked #Tiruvallur