വടകര: (vatakara.truevisionnews.com)ഓണ വിപണി സജീവമായതോടെ വടകര നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. ടൗണിൽ ആവശ്യമായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതും ദേശീയപാതയുടെ നിർമ്മാണവുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.
നിലവിൽ സർവീസ് റോഡുകൾ വഴിയാണ് പുതിയ സ്റ്റാൻ്റ് മുതൽ അടയ്ക്കാതെരു ജംഗ്ഷൻ വരെ വാഹനങ്ങൾ കടന്നുപോകുന്നത്.
ഇവിടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇഴഞ്ഞാണ് മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും സർവ്വീസ് റോഡിൽ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടാറ്.
പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ഗതാഗതകുരുക്ക് പലപ്പോഴും എടോടി വരെ നീളുന്ന അവസ്ഥയാണ്.
മാത്രമല്ല ദേശീയപാതയിലെ ഗതാഗതകുരുക്ക് കാരണം പുഞ്ചിരിമില്ലിൽ നിന്ന് വലിയ വാഹനങ്ങൾ ഉൾപ്പെടെ എടോടി വഴി കരിമ്പനപ്പാലത്തേക്ക് കടക്കുന്നുണ്ട്. ഇതും ചിലപ്പോൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്.
ഗതാഗതകുരുക്ക് പരിഹരിക്കണമെന്നാവശ്യം ശക്തമായി ഉയരുന്നതോടൊപ്പം തന്നെ ടൗണിൽ കൃത്യമായ പാർക്കിംഗ് സൗകര്യം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പഴയ ബസ് സ്റ്റാന്റിന് സമീപത്തെ പഴയ ബി.എഡ് സെൻ്റർ ഗ്രൗണ്ടിലും ബി.ഇ.എം സ്ക്കൂളിന് മുന്നിലും വാഹനങ്ങൾ മുമ്പ് പാർക്ക് ചെയ്‌തിരുന്നു.
എന്നാൽ സംസ്‌കാരിക ചത്വരത്തിൻ്റെയും റസ്റ്റ് ഹൗസ്-റെയിൽവേ സ്‌റ്റേഷൻ റോഡ് നിർമ്മാണ പ്രവൃത്തികളും നടക്കുന്നതിനാൽ നിലവിൽ ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ടൗണിൽ വലിയ രീതിയിൽ ഓണത്തിരക്ക് കൂടും. അങ്ങനെ വരുമ്പോൾ കൃത്യമായ പാർക്കിംഗ് ഇല്ലെങ്കിൽ ആളുകൾ ഗതാഗതകുരുക്കിൽ മണിക്കൂറുകളോളം വലയും.
ഓണത്തിരക്ക് കൂടുന്നതിന് മുമ്പ് ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാണ് യാത്രക്കാർ പറയുന്നത്.
#Vadakara #city #engulfed #traffic #jams #Onam #market #becomes #active