വടകര:(vatakara.truevisionnews.com)നാടിന്റെ അകത്തളങ്ങളിൽ അഗ്നിജ്വാലയുയർത്തിയ നാടക പ്രസ്ഥാനമാണ് കെ പി എസി.
മനുഷ്യ ജീവിതങ്ങളുടെ വൈവിധ്യങ്ങളായ വിഷയങ്ങൾ,തെളിമയാർന്ന ആശയങ്ങളുടെ കരുത്തിൽ എണ്ണമറ്റ നാടകങ്ങൾ അരങ്ങിൽ ഉജ്വലമാക്കിയതിന്റ ചരിത്രം കൂടിയാണ് ഈ ജനകീയനാടക സംഘത്തിന്റേത്.
അനശ്വരനായ എഴുത്ത്കാരൻ ഉറൂബിന്റെ തൂലികയിൽ പിറന്ന ഉമ്മാച്ചു നോവലിന്റെ രംഗാവിഷ്ക്കാരം കെപിഎസി പെരുമക്ക് ഒരിക്കൽകൂടി ചാരുതയേകി.
പിന്നിട്ട കാലത്തിന്റെ തേരോട്ടങ്ങളിൽ ചതഞ്ഞുതീരാതെ,പുതിയ കാലത്തിന്റെ കാഴ്ചയുടെ നെറുകയിലും ഉമ്മാച്ചു തലയുയർത്തി നിന്നു.
വടകര ടൗൺഹാളിലെ പ്രഥമ പ്രദർശനം തന്നെ ഉമ്മാച്ചുവിനെ നാടക ലോകം ചേർത്ത് പിടിക്കുന്നതായിരുന്നു. പ്രണയവും കാമവും പ്രതികാരവും, പ്രതിരോധവും, സ്വപ്നങ്ങളും, സ്വാതന്ത്ര്യ ബോധവും, സരങ്ങളുമെല്ലാം സമരസപ്പെട്ടുപോകുന്ന മനോഹരമായ രംഗകാവ്യമായി ഉമ്മച്ചു മാറി.
സ്ത്രീ പക്ഷരചനയുടെ ശക്തനായ നോവലിസ്റ്റാണ് ഉറൂബ്. സ്ത്രീജീവിതങ്ങളുടെ അനാർഭാടമായ ലോകം തുറന്നിടുന്ന,അമ്പരപ്പിക്കുന്ന വായാനാവിസ്മയമാണ് ഉറൂബിന്റെചില രചനകൾ.
വായനാ സമൂഹം ഹൃദയത്തിലേറ്റിയ ഉമ്മാച്ചു നോവലിനെ, അതിന്റെ അർത്ഥതലങ്ങളെ സൂഷ്മാംശങ്ങളിൽ പോലും പരിഗണിച്ചു പോകാൻ,രംഗഭാഷ്യ മൊരുക്കിയ സുരേഷ് ബാബു ശ്രീസ്ഥക്ക് കഴിഞ്ഞു.
ഒരു പക്ഷെ ഉറൂബിന്റെ രചനകളുടെ സവിശേഷതകളെ ഒരിക്കൽ കൂടി ചർച്ച ചെയ്യാൻ ഈ നാടകം പ്രാപ്തമാക്കും. കാല- ദേശങ്ങളെ പുന:രാവിഷ്ക്കുന്നതിൽ സംവിധായകൻ മനോജ് നാരായണന്റെ രംഗപാടവം മികച്ചതായി.
പോയ കാലത്തിന്റെ സാമൂഹ്യ ജീവിതങ്ങളെ അതിശയിപ്പിക്കുന്ന മുഹുർത്തങ്ങളൊരുക്കാൻ മനോജിന് കഴിഞ്ഞു.ആദ്യാ വാതരണത്തിന്റെ താളപ്പിഴകളൊന്നും അത്രയൊന്നും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.
നാടകത്തിലെ ബീരാനും, മകൻ അബ്ദുവുമായി പകർന്നാടിയ ഷിനിൽ വടകര ഉജ്വലമാക്കി. എല്ലാ കഥാപാത്രങ്ങളും നടീ നടൻമാരിൽ തികച്ചും ഭദ്രമായിരുന്നു.
കെപിഎസി സ്ഥിരമായി അരങ്ങേറുന്ന 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം പോലെ, ഉമ്മാച്ചുവും ഒരു പാട്കാലം അരങ്ങിൽ വെളിച്ചമാകും.
#KPAC #charmed #by #screenplay #Ummachu #novel