ആയഞ്ചേരി: (vatakara.truevisionnews.com) തോടന്നൂർ ഉപജില്ലയിൽ ഇനി സ്കൂൾ മേളക്കാലം.


ഈ മാസം 14,15,16 തീയതികളിൽ മണിയൂർ ജവഹർ നവോദയ സ്കൂളിൽ വെച്ച് ഉപജില്ല കായികമേളയോടെ ഈ വർഷത്തെ വിവിധ മേളകൾക്ക് തുടക്കമാവും.
അതുകഴിഞ്ഞ് പതിനേഴാം തീയതി ശാസ്ത്രമേളയും പ്രവർത്തിപരിചയമേളയും തിരുവള്ളൂരിലെ ശാന്തിനികേതൻ ഹയർ സെക്കൻ്ററി സ്കൂളിലും, ഗവ. യു.പി. സ്കൂളിലുമായി നടക്കും.
18ന് സാമൂഹ്യശാസ്ത്രമേള വില്യാപ്പള്ളി യു.പി. സ്കൂളിലാണ് നടക്കുന്നത്. 19ന് ഗണിതശാസ്ത്രമേള കടമേരി എം.യു.പി സ്കൂളിലും അന്നുതന്നെ ഐ.ടി. മേള മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.
ഉപജില്ലാ കലാമേള നവംബർ 6,7,8,9 തീയതികളിൽ വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് നിശ്ചയിച്ചിട്ടുള്ളത്.
സംസ്ഥാന കലാമേള ഡിസംബറിൽ നിന്നും ജനുവരിലേക്ക് മാറിയത് ഉപജില്ല മേളക്കും സ്ഥാനചലനം ഉണ്ടാകുമെന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതീക്ഷിക്കുന്നു.
ഉപജില്ല കലാകായിക മേളയോടനുബന്ധിച്ച് പഞ്ചായത്ത് തല മത്സരങ്ങളും നടന്നുവരികയാണ്. തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി പഞ്ചായത്തുകൾ പൂർണമായും മണിയൂർ,ഏറാമല പഞ്ചായത്തുകൾ ഭാഗികമായുമാണ് തോടന്നൂർ ഉപജില്ല സ്ഥിതി ചെയ്യുന്നത്.
ഓരോ മേളയുടെയും സംഘാടകസമിതി യോഗങ്ങൾ വിപുലമായി നടന്നുവരികയാണ്. കടമേരി എം.യു.പി സ്കൂളിൽ നടക്കുന്ന ഗണിതശാസ്ത്രമേളയുടെ സ്വാഗതസംഘ രൂപീകരണയോഗം തോടന്നൂർ എ.ഇ.ഒ. എം. വിനോദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് അധ്യക്ഷനായി.
ജനപ്രതിനിധികളായ ടി.കെ. ഹാരിസ്, എ.കെ. സുബൈർ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ടി. അജിത്ത് കുമാർ, പ്രധാന അധ്യാപകൻ ടി.കെ. നസീർ, സി.എച്ച്. അഷറഫ്, ടി.എൻ. അബ്ദുന്നാസർ, തറമൽ കുഞ്ഞമ്മദ്, സി.സി. കുഞ്ഞബ്ദുല്ല, കെ. അബ്ദുറഹിമാൻ, പി.പ്രേംദാസ്, പി.കെ. അഷറഫ് എന്നിവർ സംസാരിച്ചു.
മൻസൂർ ഇടവലത്ത് (ചെയർമാൻ), ടി.കെ. നസീർ (ജനറൽ കൺവീനർ), എം. വിനോദ് കുമാർ (ട്രഷറർ) ആയി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.
#School #fair #This #year #various #fairs #will #begin #with #sub #district #sports #fair #Thodannur