വടകര: (vatakara.truevisionnews.com)ഭോപ്പാലിൽ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി വടകര താലൂക്കിലെ നാല് വിദ്യാർത്ഥികളെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്ത വിഷയം നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ചോദ്യമായി ഉന്നയിച്ചു.
സാമ്പത്തിക തട്ടിപ്പിനിരയായ വടകര താലൂക്കിലെ നാല് പേരെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു പേരാമ്പ്ര കോടതി മുൻപാകെ ഹാജരാക്കിയതിനു ശേഷം ട്രാൻസിറ്റ് വാറൻറ് സഹിതം ഭോപ്പാൽ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ള കാര്യം മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഈ നാല് പേരിൽ ഒരാൾ മറ്റുള്ള വരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് നമ്പറും എടിഎം കാർഡും തട്ടിപ്പുകാർക്ക് വേണ്ടി എടുത്തു നൽകിയെന്നും ടാക്സ് അടയ്ക്കാതെ വിദേശത്തുനിന്നും വരുന്ന പണം പിൻവലിക്കാനാണ് എന്നു പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് ഇതിലേക്ക് മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്തത് എന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഇതിന് കമ്മീഷനായി 5000 രൂപ ഓരോ ആൾക്ക് വീതം നൽകിയിരുന്നുവെന്നും ഇതുപോലെ മുൻപ് ഇടപാട് നടത്തി കമ്മീഷൻ കൈപ്പറ്റിയിരുന്നു എന്നും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല എന്നും പറഞ്ഞ് മറ്റു പ്രതികളെ പ്രലോഭിപ്പിച്ചാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് അന്വേഷണത്തിൽ അറിവായിട്ടുണ്ട്.
തട്ടിപ്പുകാർ ഇവരെ കണ്ണികളാക്കിക്കൊണ്ട് ഇവരുടെ അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് അറിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെയും ലോക്കൽ പോലീസിന്റെയും സംയുക്ത പ്രവർത്തനങ്ങളിലൂടെ ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും തട്ടിയെടുത്ത തുക വീണ്ടെടുക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
പൊതുജനങ്ങൾക്ക് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായ പദ്ധതികൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ ടോൾഫ്രീ നമ്പർ 1930 നിലവിലുണ്ട്.
ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളിൻമേൽ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു തട്ടിയെടുത്ത തുക തിരിച്ചുപിടിക്കുന്നതിനായി ബന്ധപ്പെട്ട ബാങ്ക് അധികാരികളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
സൈബർ സെല്ലിന്റെയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .
തട്ടിപ്പുകളെ കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും ഭീഷണികളിൽ നിന്നും സുരക്ഷിതരാക്കുന്നതിനുമുള്ള പ്രായോഗിക അറിവ് നേടുന്നതിനു മായി ഓൺലൈൻ മുഖേനയുള്ള വിവിധ ബോധവൽക്കരണ പ്രോഗ്രാമുകൾ നടത്തുകയും, ആയതിൽ നിരവധി പൊതു ജനങ്ങൾ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് വേണ്ടി ഈ കാലയളവിൽ 7703 സൈബർ വളണ്ടിയർമാരെ രജിസ്റ്റർ ചെയ്യുകയും അവർക്ക് ജില്ലാതലത്തിൽ ട്രെയിനിങ് നൽകുകയും ചെയ്തതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#incident #Vadakara #where #students #were #subjected #online #financial #fraud #assembly