വടകര: (vatakara.truevisionnews.com)ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി പാലയാട്ട് നടയിൽ പടിഞ്ഞാറ് ഭാഗത്ത് 10 മീറ്ററോളം താഴ്ചയിൽ ചെങ്കുത്തായി മണ്ണ് എടുത്തു മാറ്റിയത് കാരണം വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ടു.
കഷ്ടത അനുഭവിക്കുകയാണ് പുതുപ്പണം നടക്കുതാഴ വില്ലേജിലെ റിസേർവേ നമ്പർ 210/4 സി 1 ൽ പെട്ട തയ്യുള്ളതിൽ നാരായണനും കുടുംബവും.
പ്രായമായതിനാൽ കിടപ്പുരോഗിയായ നാരായണനേയും കുടുംബത്തെയും കെ കെ രമ എംഎൽഎ സന്ദർശിച്ചു.
കുറെ നാളുകളായി ഈ പ്രശ്നം പരിഹരിച്ചു കിട്ടുന്നതിനായി ഉത്തരവാദിത്തപ്പെട്ട അധികാരികളെയും നാഷണൽ ഹൈവേ അതോറിറ്റിയെയും കേന്ദ്ര ഗവൺമെന്റിനെയും നിരന്തരം സമീപിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ലെന്ന് എംഎൽഎ പറഞ്ഞു.
കിടപ്പുരോഗിയായ നാരായണന് ഒന്ന് ഹോസ്പിറ്റൽ പോകണമെങ്കിൽ 200 മീറ്ററിൽ അധികം ദൂരം കസേരയിൽ ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്.
തൊട്ടടുത്ത വീട്ടുകാരുടെ വീട്ടുമുറ്റത്തുകൂടെയാണ് ഇപ്പോൾ ഇവർ സഞ്ചരിക്കുന്നത്. വഴിയില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന നാരായണന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ അവസാനിപ്പിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അടിയന്തര ഇടപെടൽ ഉണ്ടാവണം.
ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഉത്തരവാദിത്തപ്പെട്ട അധികാരികളുമായി സംസാരിച്ചതായും, തൊട്ടടുത്ത ദിവസം തന്നെ സംഭവസ്ഥലം പരിശോധിച്ചു ആവശ്യമായ നടപടികൾ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും എം.എൽ.എ പറഞ്ഞു.
പുതുപ്പണം സമരസമിതി കോഡിനേറ്റർ ഇ.കെ വത്സരാജും ഒപ്പമുണ്ടായിരുന്നു.
#Development #National #Highways #KKRama #MLA #visited #stranded #family