Featured

#ANShamseer | അഭിമാനമെന്ന് സ്പീക്കർ; അനുരൂപിന് പൊലീസ് അസോസിയേഷൻ വീടൊരുക്കി

News |
Nov 15, 2024 11:11 AM

വടകര : (vatakara.truevisionnews.com ) ജോലിക്കിടയിൽ പരിക്കേറ്റ സഹപ്രവർത്തകനെ ചേർത്തു നിർത്തിയ കേരള പൊലീസ് അസോസിയേഷൻ മാതൃക സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയുടെയും ആത്മാഭിമാനം വർദ്ധിപ്പിക്കുന്നതാണെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

ജോലിക്കിടയിൽ പരിക്കേറ്റ ശയ്യാവലംബിയായ മണിയൂർ മുടപ്പിലാവിൽ സ്വദേശി കൂത്തപ്പള്ളി താഴക്കുനി അനുരൂപിന് പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിൻ്റ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സേനക്കൊപ്പം നാടിൻ്റെ പിന്തുണയും ഉണ്ടെങ്കിൽ അനുരൂപിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയും. വീട് നിർമിച്ചു നൽകിയത് ഒരു കേരള മോഡലാണ്. അനുരൂപിനൊപ്പം സേനക്കകത്തെ പതിനായിരക്കണക്കിന് അംഗങ്ങളുടെയും ആത്മ വിശ്വാസം ഇതിലൂടെ വർദ്ധിക്കും.

സേനക്ക് ചീത്ത പേര് ഉണ്ടാക്കുന്ന ചെറിയ ഒരു വിഭാഗം ഉണ്ട്. ഇത് പർവതീകരിച്ച് എല്ലാവരെയും മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത നാട്ടിലുണ്ട്.

ന്നു രണ്ടോ കള്ളനാണയങ്ങളുടെ മറവിൽ പൊലീസ് ചെയ്യുന്ന സേവനത്തെ കുറച്ചു കാണാൻ കഴിയില്ല. ചെറിയ തെറ്റു പോലും നാട് അംഗീകരിക്കാത്തതാണ് അവ വലിയ വാർത്തകൾ ആവുന്നത്.

പൊതു പ്രവർത്തകരെ പോലെ പൊലീസും നല്ല കേൾവിക്കാരാവണം. ജനങ്ങൾ പല പ്രശ്നങ്ങളുമായും വരും അത് ക്ഷമാ പൂർവം കേൾ്രക്കാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പൊലീസ് വാഹനം മറിഞ്ഞാണ് അനുരൂപിന് പരിക്കേറ്റത്. എസ്ഐക്കും മൂന്നു പൊലീസുകാർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. അപകടത്തിൽ അനുരൂപിൻ്റ സ്പൈനൽ കോഡിന് പൊട്ടലുണ്ടായി ഗുരുതര പരിക്കേൽക്കുകയായിരുന്നു.

പൊലീസ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് 100 രൂപ വീതം സമാഹരിച്ച് കിട്ടിയ 20 ലക്ഷത്തോളം വരുന്ന തുക ഉപയോഗിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. നേരത്തെ എടുത്ത ഭവന വായ്പ എഴുതി തള്ളി പൊലീസ് ഹൗസിങ് സഹകരണ സംഘവും സഹായവുമായെത്തിയിരുന്നു. വായ്പ എഴുതിത്തള്ളിയ ആധാരം ചടങ്ങിൽ അനൂപിന്റെ കുടുംബത്തിന് കൈമാറി.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി പി നിധിൻ രാജ്, പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, സി ആർ ബിജു, ജി പി അഭിജിത്ത്, വി സഞ്ജു കൃഷ്ണൻ, എം എം അജിത് കുമാർ, എം ഷനോജ്, സി കെ സുജിത്ത്, പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഇ വി പ്രദീപൻ സ്വാഗതവും പി സുഖിലേഷ് നന്ദിയും പറഞ്ഞു.

#speaker #proud #Police #Association #prepared #house #Anurup

Next TV

Top Stories